ബംഗളൂരു: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നഗരത്തിലെ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായി സിറ്റി പൊലീസ്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വർഷം കവർച്ച കേസുകൾ 47 ശതമാനവും, പിടിച്ചുപറി 53 ശതമാനവും, കവർച്ച 21 ശതമാനവും, വാഹന മോഷണങ്ങൾ 19 ശതമാനവും കുറവ് രേഖപ്പെടുത്തി.
കൊലപാതകക്കേസുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. 2025ൽ നഗരത്തിൽ 191 കൊലപാതകക്കേസുകൾ റിപ്പോർട്ട് ചെയ്തു. 2024ൽ ഇത് 185 ആയിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഹൊയ്‌സാല പട്രോളിങ് സംവിധാനം വളരെ ശക്തമാണ്.
കഴിഞ്ഞ മൂന്ന് നാല് വർഷത്തിനുള്ളിൽ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. സമയം, കുറ്റകൃത്യം, സ്ഥലം എന്നിവ അടിസ്ഥാനമാക്കി ഒരു നിശ്ചിത കാലയളവിനുള്ളിലെ വിവരങ്ങള്‍ വിശകലനം ചെയ്യുകയും കമാൻഡ് സെന്‍ററില്‍ സോഫ്റ്റ്‌വെയർ മാര്‍ഗനിർദേശങ്ങൾ നൽകുകയും അതിനനുസരിച്ച് എത്രയും പെട്ടെന്നു സംഭവം നടക്കുന്ന സ്ഥലത്തു എത്താന്‍ കഴിയുന്ന തരത്തിലാണ് പട്രോളിങ് വാഹനങ്ങൾ വിന്യസിച്ചിരിക്കുന്നത്.
സി.സി ടി.വി കാമറ, ജിയോടാഗിങ് എന്നിവയും കുറ്റകൃത്യം കുറയുന്നതില്‍ പ്രമുഖ പങ്ക് വഹിക്കുന്നു. 2025 മേയ് വരെ സിറ്റി പൊലീസ് 5.35 ലക്ഷത്തിലധികം കാമറകൾ മൊബൈൽ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് സിസ്റ്റത്തിൽ (എം.സി.സി.ടി.എൻ.എസ്) ജിയോടാഗ് ചെയ്തിട്ടുണ്ട്. മാല മോഷണം, വാഹന മോഷണം എന്നിവയില്‍ സി.സി ടി.വി വ്യക്തമായ തെളിവുകള്‍ നല്‍കുന്നു. ഗുണ്ടാസംഘങ്ങളുടെ ആക്രമണം, അക്രമ സ്വഭാവമുള്ളതും മോഷണത്തിനുവേണ്ടിയുള്ളതുമായ കൊലപാതകങ്ങള്‍ എന്നിവ കുറഞ്ഞു.
വൈകാരിക കൊലപാതകങ്ങള്‍, കുടുംബവഴക്കുകള്‍, സിവില്‍ തര്‍ക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കൊലപാതകക്കേസുകളുടെ എണ്ണത്തില്‍ കുറവൊന്നുമില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.