ബംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ അക്രമ സംഭവങ്ങൾ സർക്കാർ വളരെ ഗൗരവമായി കാണുകയാണെന്ന് ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണ കന്നട ജില്ലയിലും തീര മേഖലയിലും ഇനി സമാധാനം പുലരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മംഗളൂരു സിറ്റി പൊലീസ് കമീഷണറെയും ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ടിനെയും സ്ഥലം മാറ്റേണ്ട സാഹചര്യം ഞങ്ങൾക്ക് ഒഴിവാക്കാനായില്ല. മാറ്റങ്ങൾ വേണമെന്ന് നാട്ടുകാരിൽനിന്ന് ആവശ്യമുയർന്നിരുന്നു. സമാധാനം ഉറപ്പാക്കാൻ എല്ലാ കർശന നടപടികളും സ്വീകരിക്കും. ഞങ്ങൾ നിരീക്ഷിക്കും.
പുതുതായി രൂപവത്കരിച്ച ‘വർഗീയ വിരുദ്ധ സേന’യുടെ വിന്യാസം സംബന്ധിച്ച് ഡിജിപിയുമായി ചർച്ച ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ തന്നെ ഘടനാപരമായ പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്ന് ദക്ഷിണ കന്നട, ഉഡുപ്പി, ശിവമൊഗ്ഗ ജില്ലകളിൽ അവരെ വിന്യസിക്കും.സമാധാനം നിലനിർത്തുന്നതിന് അവർക്ക് കർശന നിർദേശങ്ങൾ നൽകും..വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും.ദക്ഷിണ കന്നടയിലെ കൊലപാതക പരമ്പരകൾക്ക് പിന്നിൽ എന്തെങ്കിലും രാഷ്ട്രീയ സ്വാധീനമുണ്ടോ എന്ന ചോദ്യത്തിന്,‘ഞങ്ങൾ ഉറവിടം കണ്ടെത്തുകയാണ്, അതിന് പിന്നിൽ ആരാണെന്ന്. അതനുസരിച്ച് നടപടിയെടുക്കും’ എന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണ കന്നട ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഇപ്പോഴത്തെ സംഭവത്തിന് ശേഷമല്ല, തുടക്കം മുതൽ അദ്ദേഹം ഇത് പറയുന്നതാണ്. സംസ്ഥാനത്തിന്റെ ആ ഭാഗത്ത് നിന്നുള്ള ഒരാളെ ചുമതലപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. അത് മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിന് വിടുന്നു.’എന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.