ബംഗളൂരു: ടോക്സിക്, കാന്താര തുടങ്ങിയ സിനിമ നിർമാണത്തിലെ വിവാദങ്ങളെത്തുടർന്ന് വനമേഖലയിലെ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി കർണാടക.
സംസ്ഥാന സർക്കാറിന് കീഴിലുള്ള വനമേഖലകളിലെ ചിത്രീകരണങ്ങൾക്ക് അനുമതി നിർബന്ധമാക്കിയതായി വനം, വന്യജീവി, പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. നിലവിൽ വനംവകുപ്പ് പ്രാദേശികതലത്തിൽ അനുമതികൾ നൽകുന്നുണ്ടെങ്കിലും അവയിൽ നിരീക്ഷണത്തിന്റെ അഭാവവും മറ്റു പല വീഴ്ചകളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ നാശനഷ്ടങ്ങൾ തടയുന്നതിനും നമ്മുടെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിന്റെയും ഭാഗമായി ഇനിമുതൽ വനമേഖലയിലെ ചിത്രീകരണങ്ങൾക്ക് ഉന്നതാധികാരികളുടെ അനുമതി നിർബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ടോക്സിക് സിനിമയുടെ ചിത്രീകരണത്തിനായി ബംഗളൂരു പീനിയ പ്ലാന്റേഷൻ ഏരിയയിൽ നിരവധി മരങ്ങൾ മുറിച്ചുമാറ്റിയതും കാന്താര സിനിമക്കുവേണ്ടി ഹാസൻ ജില്ലയിലെ യെസലൂരു വനമേഖലയിൽ സ്ഫോടക വസ്തുക്കളുപയോഗിച്ചതും അനുവദിച്ചതിലധികം പ്രദേശങ്ങളുപയോഗിച്ചതും വിവാദമായിരുന്നു.
അനുമതിയില്ലാതെ ചിത്രീകരണം നടത്തുന്നത് തടയുന്നതിനോടൊപ്പം വനനശീകരണം അല്ലെങ്കിൽ വനമേഖലയിൽ ഏതെങ്കിലും തരത്തിൽ മാറ്റംവരുത്തൽ നിരോധിക്കുക, നിയമലംഘനങ്ങൾക്ക് പ്രൊഡക്ഷൻ ഹൗസുകൾക്കെതിരെ നടപടിയെടുക്കുക, ചിത്രീകരണസമയത്ത് സർക്കാറിന്റെ ഭാഗത്തുനിന്നും മോണിറ്ററിങ് ടീമിനെ നിയോഗിക്കുക, സെൻസിറ്റീവ് അല്ലാത്ത വനമേഖലകളിൽ ചിത്രീകരണം പരിമിതപ്പെടുത്തുക തുടങ്ങിയ നടപടികളും സർക്കാറിന്റെ പരിഗണനയിലുണ്ട്. വാണിജ്യാവശ്യങ്ങൾക്കായി വനഭൂമി നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വനമന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാൻ മെഷിനറി ടൂൾസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പിന്നീട് കനറ ബാങ്ക് ഏറ്റെടുത്ത ഭൂമിയിലാണ് 2024 ഒക്ടോബറിൽ സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി നൂറുകണക്കിന് മരങ്ങൾ ‘ടോക്സിക്’ സിനിമയുടെ പ്രവർത്തകർ മുറിച്ചുമാറ്റിയത്.
ഇത് മതിയായ പാരിസ്ഥിതിക അനുമതികളില്ലാതെയാണ് ചെയ്തതെന്ന് പിന്നീട് സർക്കാർ കണ്ടെത്തി. കാന്താര: ചാപ്റ്റർ 1 എന്ന സിനിമയുടെ നിർമാതാക്കൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഹാസൻ ജില്ലക്കടുത്ത് സകലേശ്പുരയിലെ ഗവി ബേട്ടയിൽ സ്ഫോടകവസ്തുക്കളുപയോഗിച്ചത് വനമേഖലയിലെ ആവാസവ്യവസ്ഥക്ക് നാശം വരുത്തിയെന്നും സർക്കാർ കണ്ടെത്തി. ഇതിനെത്തുടർന്നാണ് വനമേഖലകളിലെ സിനിമ ചിത്രീകരണങ്ങളുമായി ബന്ധപ്പെട്ട് വനനിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.