സ്വന്തം ലേഖകൻ
ബംഗളൂരു: കുറ്റകൃത്യങ്ങൾ സംബന്ധിച്ച എല്ലാ അന്വേഷണഫയലുകളും ഡിജിറ്റലായി മാത്രമേ കോടതികളിൽ സമർപ്പിക്കാവൂവെന്ന് കർണാടക ഹൈകോടതി. ഇതുസംബന്ധിച്ച് ധാർവാർഡ് ബെഞ്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. കോടതികളിൽ ഹാജരാക്കുന്ന അന്വേഷണ ഫയലുകൾ ഡിജിറ്റൽവത്കരിക്കാനായി പ്രത്യേക കർമസേനക്ക് രൂപം നൽകണം. കേസന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റലാക്കണം. ജസ്റ്റിസ് സുരാജ് ഗോവിന്ദരാജ് നേതൃത്വം വഹിക്കുന്ന ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്.
2016ൽ വീട്ടിലെ സ്റ്റൗ പൊട്ടിത്തെറിച്ച് ഭാര്യ മരിച്ച കേസിൽ ജീവപര്യന്തം ശിക്ഷ കിട്ടിയ ബാഗൽകോട്ട് മുധോൾ സ്വദേശിയുടെയും അമ്മയുടെയും ഹരജി പരിഗണിക്കുന്നതിനിടെയാണ് ഉത്തരവ്. മരണവുമായി ബന്ധപ്പെട്ട് വീട്ടിലെ അടുക്കള പരിശോധിക്കാനോ ദുരന്തത്തിന്റെ ഫോട്ടോകൾ അടക്കമുള്ള തെളിവുകൾ ഹാജരാക്കാനോ അന്വേഷണ ഉദ്യോഗസ്ഥന് സാധിച്ചില്ല. വായിക്കാൻ കഴിയാത്ത തരത്തിൽ അവ്യക്തമായ കൈപ്പടയിലുള്ള രേഖകളാണ് നൽകിയത്. പിഴവുള്ള അന്വേഷണമാണ് കേസിൽ നടന്നത്. തുടർന്നാണ് കോടതി പൊലീസ് മേധാവിക്ക് ഡിജിറ്റൽ രേഖകൾ സംബന്ധിച്ച ഉത്തരവ് നൽകിയത്.
പൊലീസ് ഐ.ടി തലവൻമാർ, ഇ-ഗവേണൻസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) ഡയറക്ടറുടെ പ്രതിനിധി, ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക്ക് ആൻഡ് സിസ്റ്റംസ് (സി.സി.ടി.എൻ.എസ്) ഡയറക്ടറുടെ പ്രതിനിധികൾ എന്നിവരാകണം കർമസേനയിൽ വേണ്ടത്.
എഫ്.ഐ.ആർ, കുറ്റകൃത്യത്തിന്റെ വിവരങ്ങൾ, അറസ്റ്റ് മെമ്മോകൾ, സെർച്ച്-പിടിച്ചെടുക്കൽ പട്ടിക, മഹസറുകൾ, ആശുപത്രികൾ/ഗതാഗത വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ, കുറ്റപത്രം, ബി, സി റിപ്പോർട്ടുകൾ തുടങ്ങി എല്ലാ രേഖകളും ഡിജിറ്റലാക്കണം. ഇതിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ ഒപ്പും വേണം. അതിന് കഴിഞ്ഞില്ലെങ്കിൽ ഒപ്പുവെച്ച രേഖകളാണ് ഡിജിറ്റലായി സമർപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.