ബംഗളൂരു: ബെളഗാവിയിൽ വീട്ടമ്മയെ നഗ്നയാക്കി മർദിച്ച സംഭവത്തിൽ കർണാടക ഹൈകോടതിയുടെ ഇടപെടൽ. വീട്ടമ്മയെ ആളുകൾ സന്ദർശിക്കുന്നതിന് കോടതി നിയന്ത്രണം ഏർപ്പെടുത്തി. വീട്ടമ്മ മാനസികാഘാതത്തിൽനിന്ന് കരകയറിയിട്ടില്ലെന്നതിനാൽ തുടർച്ചയായി ആളുകൾ സന്ദർശിക്കുന്നത് ഒഴിവാക്കാനാണ് നിർദേശം. ഇത്തരം സാഹചര്യങ്ങളിൽ ഇരകളെ ആളുകൾ സന്ദർശിക്കുന്നത് പതിവാണ്. ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, സഹിക്കാനാവാത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് ഇര കടന്നുപോകുന്നത്. ഇങ്ങനെ തുടർച്ചയായി ആളുകൾ സന്ദർശിക്കുന്നത് അവരുടെ മാനസികാരോഗ്യത്തെയും ആശുപത്രിയിലെ ചികിത്സയെയും പ്രതികൂലമായി ബാധിക്കും. വ്യക്തിയോ സംഘങ്ങളോ സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ ആശുപത്രിയിലെ മെഡിക്കൽ ഓഫിസറുടെയോ ചികിത്സിക്കുന്ന ഡോക്ടറുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇരയെ സന്ദർശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ ഉത്തരവിൽ വ്യക്തമാക്കി.
ശനിയാഴ്ച വൈകീട്ട് ജഡ്ജിന്റെ ചേംബറിൽ അടിയന്തര ഹരജിയായി പരിഗണിച്ചാണ് വിഷയത്തിൽ ചീഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പെടുവിച്ചത്. ബെളഗാവിയിലെ ഇരയെ ദേശീയ മനുഷ്യാവകാശ കമീഷനും രാഷ്ട്രീയ പാർട്ടി നേതാക്കളും സന്ദർശിക്കുന്നു എന്ന ചാനൽ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഹൈകോടതി ഇടപെടൽ. ഇരയുടെ കുടുംബാംഗങ്ങൾക്കോ അന്വേഷണ ഏജൻസികൾക്കോ സർക്കാർ ഏജൻസികളുടെയോ അതോറിറ്റികളുടെയോ ഔദ്യോഗിക പ്രതിനിധിക്കോ സാഹചര്യം പോലെ സന്ദർശിക്കുന്നതിന് ഉത്തരവ് തടസ്സമല്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
ഡിസംബർ 11ന് പുലർച്ചയോടെയാണ് ബെളഗാവിയിൽ ദലിതയായ വീട്ടമ്മയെ ഒരു സംഘം നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയും വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്തത്. വീട്ടമ്മയുടെ മകൻ ഒരു പെൺകുട്ടിയോടൊപ്പം ഒളിച്ചോടിപ്പോയെന്ന് ആരോപിച്ചായിരുന്നു മർദനവും അവഹേളനവും. പെൺകുട്ടിയുടെ കുടുംബം ഇതേ ഗ്രാമക്കാരും ഒരേ സമുദായക്കാരുമാണ്. സംഭവത്തിൽ ഡിസംബർ 12ന് സ്വമേധയാ കേസെടുത്ത കർണാടക ഹൈകോടതി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അഡ്വക്കറ്റ് ജനറൽ ശശികിരൺ ഷെട്ടി സർക്കാറിനായി റിപ്പോർട്ട് സമർപ്പിക്കും. ബെളഗാവി പൊലീസ് കമീഷണറോട് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ഇതുവരെ 12 പേർ അറസ്റ്റിലായി. ഒളിവിലുള്ള മറ്റു പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.