ബംഗളൂരു: അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം എന്നീ കുറ്റങ്ങൾ ചുമത്തി കർണാടക പബ്ലിക് സർവിസ് കമ്മീഷൻ (കെ.പി.എസ്.സി) ചെയർമാൻ ശിവശങ്കരപ്പ സാഹുക്കറെ സസ്‌പെൻഡ് ചെയ്ത ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന്‍റെ ഉത്തരവ് കർണാടക ഹൈകോടതി റദ്ദാക്കി.
ഏഴ് ദിവസത്തിനുള്ളിൽ സാഹുക്കറിനെ കെ.പി.എസ്.സി ചെയർമാനായി പുനര്‍ നിയമനം നടത്തണമെന്നും കോടതി അധികാരികൾക്ക് നിർദേശം നൽകി. ഗവർണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സാഹുക്കർ സമർപ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ചൊവ്വാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്. സിംഗിൾ ബെഞ്ച് ഹരജി ഭാഗികമായി അനുവദിക്കുകയും ജൂലൈ 10 ന് ഗവർണർ പുറപ്പെടുവിച്ച സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. മന്ത്രിസഭയുടെ തീരുമാനപ്രകാരം ഗവർണർ നടപടിയെടുക്കണമെന്ന് കോടതി നിരീക്ഷിച്ചു.
സാഹുക്കറെ സസ്‌പെൻഡ് ചെയ്യാൻ സംസ്ഥാന മന്ത്രിസഭ ഉപദേശിക്കുകയോ ശിപാർശ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിന്‍റെ ഔദ്യോഗിക പകർപ്പ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ സാഹുക്കറെ കെ.പി.എസ്.സി ചെയർമാനായി പുനര്‍ നിയമനം നടത്തണമെന്നും കോടതി നിർദേശിച്ചു. അദ്ദേഹത്തിന് സ്ഥാനത്ത് തുടരാനും എല്ലാ അധികാരങ്ങളും വിനിയോഗിക്കാനും സ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും സ്വീകരിക്കാനും കഴിയുമെന്ന് കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.