മംഗളൂരു: ബംഗളൂരു യാത്രക്കുള്ള പ്രയാസം അറിയിച്ച ഗർഭിണിയായ അഭിഭാഷകക്ക് സിവിൽ ജഡ്ജി പരീക്ഷ മംഗളൂരുവിൽ എഴുതാൻ കർണാടക ഹൈകോടതി അനുമതി നൽകി. ദക്ഷിണ കന്നട ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിന്റെ മേൽനോട്ടത്തിൽ അഡ്വ.നേത്രാവതിക്ക് പ്രത്യേക പരീക്ഷ കേന്ദ്രം ഒരുക്കി.
ഹൈകോടതി റജിസ്റ്റ്രാർ ജനറൽ കെ.എസ്.ഭരത് മുമ്പാകെ വന്ന അപേക്ഷ ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരലെ അനുകമ്പാപൂർവം പരിഗണിക്കുകയായിരുന്നു. എട്ടര മാസം ഗർഭിയായ പരീക്ഷാർഥിക്ക് നൽകുന്ന ഈ പരിഗണന കർണാടക ഹൈകോടതിയുടെ മഹത്വം ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാവുമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
കർണാടകയിലെ 57 സിവിൽ ജഡ്ജി ഒഴിവുകളിലേക്ക് നേരിട്ട് നിയമിക്കുന്നതിന് കഴിഞ്ഞ ജൂലൈയിൽ നടത്തിയ പ്രാഥമിക പരീക്ഷയെഴുതിയ 6000 പേരിൽ മുഖ്യ പരീക്ഷക്ക് അർഹത നേടിയ 1022 അഭിഭാഷകരിൽ ഒരാളാണ് നേത്രാവതി.
ശനിയാഴ്ചയും ഞായറാഴ്ചയും നിശ്ചയിച്ച പരീക്ഷ രണ്ടാം ദിവസമാണ് ഇവർ മംഗളൂരുവിൽ എഴുതുന്നത്.ഹൈകോടതിക്ക് കീഴിലുള്ള ജഡ്ജി റിക്രൂട്ട്മെന്റ് കമ്മിറ്റിക്കാണ് നേത്രാവതി അപേക്ഷ സമർപ്പിച്ചത്.ജസ്റ്റിസ് പി.എസ്.ദിനേശ് കുമാർ, ജസ്റ്റിസ് കെ.സോമശേഖർ, ജസ്റ്റിസ് എസ്.സുനിൽദത്ത് യാദവ്, ജസ്റ്റിസ് അശോക് എസ് കിണഗി, ജസ്റ്റിസ് എം.നാഗപ്രസന്ന എന്നിവരടങ്ങിയ സമിതി അംഗീകരിച്ച് തുടർ നടപടിക്കായി റജിസ്റ്റ്രാർ ജനറലിന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.