പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിൽ 18 വയസ്സിന് താഴെയുള്ള ജനസംഖ്യ ക്രമാനുഗതമായി കുറയുകയും പ്രായപൂർത്തിയായ വോട്ടർമാരുടെയും മുതിർന്ന പൗരന്മാരുടെയും എണ്ണം വർധിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്. 2025 ജനുവരിയിലെ കണക്കനുസരിച്ച് കർണാടകയിലെ വോട്ടർ-ജനസംഖ്യ അനുപാതം(ഇ.പി.ആർ) 70.61 ആണ്. ഇത് ദേശീയ ശരാശരിയായ 65നെ മറികടക്കുന്നു എന്ന് കർണാടകയിലെ ചീഫ് ഇലക്ടറൽ ഓഫിസിലെ കണക്കുകൾ പറയുന്നു. വിവിധ ജില്ലകളിലെ ഇ.പി.ആറിൽ വ്യത്യാസങ്ങൾ നിലനിൽക്കുന്നു.
ഏറ്റവും ഉയർന്ന ഇ.പി.ആറിൽ ചിക്കമഗളൂരു ജില്ലയാണ് -85.84. തൊട്ടുപിന്നാലെ 84.25 അനുപാതവുമായി കുടക് ജില്ലയുണ്ട്. ചിക്കമഗളൂരുവിൽ ഓരോ 100 പേരിൽ 85-ൽ കൂടുതൽ പേർ 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്നും 11.33 ലക്ഷം ജനസംഖ്യയുണ്ടെന്നുമാണ് കണക്ക്.
ഇതിൽ 9.73 ലക്ഷം പേർ വോട്ടർമാരായി ചേർന്ന മുതിർന്നവരാണ്. സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം കാണിക്കുന്ന സംവിധാനമാണ് ഇ.പി.ആർ. 18 വയസ്സിന് മുകളിലുള്ള എല്ലാവരെയും (വോട്ടിങ് പ്രായം) പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയുക എന്നതാണ് ഇത് പതിവായി തയാറാക്കുന്നതിന്റെ ആശയം.
കുടിയേറ്റം, കുറഞ്ഞ ജനനനിരക്ക്, വോട്ടർ ജനസംഖ്യയുടെ രജിസ്ട്രേഷൻ കുറവ് തുടങ്ങിയ ഘടകങ്ങളാണ് ന്യൂജൻ കുറവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ദക്ഷിണ കന്നട, ചിക്കമഗളൂരു, കുടക്, ഹാസൻ, ശിവമൊഗ്ഗ, ബംഗളൂരു അർബൻ, മൈസൂരു എന്നീ ജില്ലകളിൽ പ്രത്യുൽപാദനക്ഷമത കുറവാണെന്നതും കാരണമാണ്. ബംഗളൂരു അർബൻ ജില്ലയിൽ ഇ.പി.ആർ ഏറ്റവും കുറവാണ്- 51.78നും 63.21 നും ഇടയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.