ബംഗളൂരു: ജാതി സെൻസസ് തീയതിയിൽ മാറ്റമില്ലെന്നും തിങ്കളാഴ്ച മുതൽ സർവേ ആരംഭിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ജാതി സെൻസസ് എന്നറിയപ്പെടുന്ന സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സർവേ സംബന്ധിച്ച് ഭരണകക്ഷിയിൽത്തന്നെ അഭിപ്രായ ഭിന്നതകളുയർന്നതായും സർവേ മാറ്റിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് തടയിട്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. നേരത്തേ നിശ്ചയിച്ചപോലെ സെപ്റ്റംബർ 22ന് ആരംഭിച്ച് ഒക്ടോബർ ഏഴിന് സമാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർവേ നീട്ടിവെക്കണമെന്ന് ചിലയിടങ്ങളിൽനിന്നുയർന്ന ആവശ്യം സർക്കാർ പരിഗണിക്കുന്നില്ലെന്നും ഒരു കാരണവശാലും ജാതി സെൻസസ് വൈകിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സർവേ നടത്തുന്ന പിന്നാക്ക വർഗ കമീഷൻ ഭരണഘടനാപരവും സ്വതന്ത്രവുമായ സംവിധാനമാണെന്നും സർവേ കമീഷന്റെ സ്വതന്ത്രമായ തീരുമാനമാണെന്നും സംസ്ഥാന സർക്കാറിന് അതിൽ ഇടപെടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. 420 കോടി ചെലവിലാണ് സർവേ നടത്തുന്നത്. വ്യാഴാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ, ഹോർട്ടി കൾചർ മന്ത്രി എസ്.എസ്. മല്ലികാർജുൻ എന്നിവർ ജാതി സെൻസസ് ആരംഭിക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ, ഇതു സംബന്ധിച്ച് ഭരണകക്ഷിയിൽ ഭിന്നതയുണ്ടെന്ന ആരോപണം നിഷേധിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, ചില മന്ത്രിമാർ അവരുടെ അഭിപ്രായം അറിയിച്ചതായി പറഞ്ഞു. എന്നാൽ, ജാതി സെൻസസിനെതിരായ ബി.ജെ.പി പ്രചാരണത്തെ മന്ത്രിമാർ ഒറ്റക്കെട്ടായി നേരിടണമെന്നാണ് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തിൽ അറിയിച്ചത്. അതേസമയം, ജാതി സെൻസസിനെ എതിർത്ത് ഒരുകൂട്ടം പൊതുതാൽപര്യ ഹരജികൾ കർണാടക ഹൈകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ ഹരജികളിൽ വെള്ളിയാഴ്ച ഹൈകോടതി സർക്കാറിന് നോട്ടീസ് അയച്ചിരുന്നു. ഈ ഹരജികൾ ജസ്റ്റിസുമാരായ അനു ശ്രീനിവാസൻ, കെ. രാജേഷ് റായ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
ബംഗളൂരു: ജാതി സെൻസസിൽ ക്രിസ്ത്യൻ വിഭാഗത്തിനൊപ്പം വിവിധ ജാതികളെ ചേർക്കുന്നത് സാമൂഹിക അസ്വാരസ്യത്തിനും ദൂരവ്യാപക പ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന് ഗവർണർ താവർചന്ദ് ഗഹ് ലോട്ട്.
വിഷയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഗവർണർ കത്തയച്ചു. കുംഭാര ക്രിസ്ത്യൻ, കുറുബ ക്രിസ്ത്യൻ തുടങ്ങിയ വിശേഷണങ്ങൾ നൽകുന്നത് ഭാവിയിൽ പ്രശ്നത്തിനിടയാക്കുമെന്നാണ് വാദം.
കർണാടക സർക്കാർ നടപ്പാക്കാൻ പോകുന്ന ജാതി സെൻസസുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയിച്ച് സംസ്ഥാനത്തെ ബി.ജെ.പി എം.പിമാരുടെയും എം.എൽ.എമാരുടെയും പ്രതിനിധി സംഘംതന്നെ വന്നു കണ്ടിരുന്നതായും ഗവർണർ പറഞ്ഞു. ജാതി സെൻസസ് കോൺഗ്രസ് സർക്കാറിന്റെ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നാണ് ബി.ജെ.പി ഗവർണറെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.