ആരോഗ്യ ആവിഷ്കാര പദ്ധതി മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യുന്നു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു സമീപം
ബംഗളൂരു: ദക്ഷിണ കർണാടകയിലെ ബംഗളൂരു, മൈസൂരു മേഖലകൾക്ക് തുല്യമായി കല്യാണ കർണാടക വികസിപ്പിക്കണമെന്ന് എ.ഐ.സി.സി പ്രസിഡന്റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോടും ആവശ്യപ്പെട്ടു. ‘ആരോഗ്യ ആവിഷ്കാര’ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരുവിനെ മറ്റൊരു സിംഗപ്പൂരാക്കി മാറ്റുന്നതിനെക്കുറിച്ച് ആളുകൾ സംസാരിക്കുന്നു. ഞങ്ങൾക്ക് സിംഗപ്പൂരാകാൻ താൽപര്യമില്ല. ആദ്യം, ഈ പ്രദേശം ബംഗളൂരു, മൈസൂരു ജില്ലകൾക്ക് തുല്യമായി വികസിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുക. വിദ്യാഭ്യാസ മേഖലയിൽ നമ്മൾ പിന്നിലാണ്. ബോർഡ് പരീക്ഷഫലങ്ങളിൽ നമ്മുടെ ജില്ലകൾ ഏറ്റവും താഴെയാണ്. അധ്യാപകരുടെ കുറവുണ്ട്, ഇത് ഫലങ്ങളിൽ വ്യക്തമായി പ്രതിഫലിക്കുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിൽനിന്നും ഉപമുഖ്യമന്ത്രി ശിവകുമാർ ബംഗളൂരുവിൽ നിന്നുമുള്ളയാളുകളാണ്. കല്യാണ-കർണാടകയെ മറ്റൊരു ബംഗളൂരുവും മൈസൂരുവും ആക്കാൻ അവരോട് അഭ്യർഥിക്കുന്നു. ബാക്ക്ലോഗ് േക്വാട്ട മാറ്റിവെച്ച് ബാക്കിയുള്ള ഒഴിവുകൾ നികത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക; പ്രത്യേകിച്ച് അധ്യാപക തസ്തികകൾ.
ഇത് ചെയ്തില്ലെങ്കിൽ നമ്മുടെ കുട്ടികൾ പിന്നാക്കം തുടരുകയും മറ്റുള്ളവരുടെ അടിമകളായി മാറുകയും ചെയ്യും.കല്യാണ-കർണാടക മേഖലയിലെ തസ്തികകൾ നികത്തുന്നതിന് സാമ്പത്തിക പരിമിതിയൊന്നുമില്ല. ജനസംഖ്യയുടെ 15 ശതമാനം പേർ എതിർപ്പ് ഉന്നയിച്ചതിനാൽ നിയമനങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണ്. ശേഷിക്കുന്ന 85 ശതമാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അധ്യാപക തസ്തികകൾ നികത്തുക. ഇത് ചെയ്തില്ലെങ്കിൽ, ഈ മേഖലയിലെ കുട്ടികൾക്ക് ഭാവിയുണ്ടാകില്ല. ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾ അവരെ പഠിപ്പിക്കാൻ ആരും ഉണ്ടാകില്ല.
ഇവിടെ നിയമിക്കപ്പെട്ടവർ പോലും മാസത്തിനുള്ളിൽ മൈസൂരു മേഖലയിലേക്ക് സ്ഥലംമാറ്റം തേടാറുണ്ട്. കല്യാണ-കർണാടക മേഖലയിലെ എം.പിമാർ, എം.എൽ.എമാർ, മന്ത്രിമാർ എന്നിവർ മേഖലക്ക് അനുവദിച്ച ഫണ്ട് പൂർണമായും വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.അനുവദിച്ച ഫണ്ട് ചെലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പലപ്പോഴും പരാതിപ്പെടുന്നു. അത് നിങ്ങൾക്കെതിരായ ഒരു കറുത്തപാടായി മാറാൻ അനുവദിക്കരുത്. ഈ മേഖലയുടെ വികസനത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിജ്ഞാബദ്ധനാണ് എന്ന് ഖാർഗെ പറഞ്ഞു.
കല്യാൺ-കർണാടക മേഖലയിൽ കർണാടകയിലെ ബീദർ, കലബുറഗി, യാദ്ഗിർ, റായ്ച്ചൂർ, കൊപ്പൽ, ബെല്ലാരി, വിജയനഗര ജില്ലകൾ ഉൾപ്പെടുന്നു. ഇവയെല്ലാം ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലകളായി കണക്കാക്കപ്പെടുകയും മോശം സാമൂഹിക, സാമ്പത്തിക സൂചകങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഖാർഗെ കലബുറഗി ജില്ലയിൽ നിന്നുള്ളയാളാണ്. അടുത്തിടെ സമാപിച്ച രണ്ടാം പി.യു.സി (ക്ലാസ് 12) ബോർഡ് പരീക്ഷകളിൽ, 55.70 ശതമാനം വിജയത്തോടെ കലബുറഗി ജില്ല 31-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കർണാടകയിലെ ഏറ്റവും താഴ്ന്ന പ്രകടനങ്ങളിലൊന്നായിരുന്നു കലബുറഗിയുടേത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.