ബംഗളൂരു നമ്മ മെട്രോക്കായി ജപ്പാനിൽനിന്ന് എത്തിച്ചകോച്ചുകൾ
ബംഗളൂരു: നമ്മ മെട്രോ ബംഗളൂരുവിൽ ലോകോ പൈലറ്റ് ഇല്ലാതെ ഓടിക്കാനുള്ള ജപ്പാൻ നിർമിത ട്രെയിൻ ബുധനാഴ്ച റോഡ് മാർഗം ദക്ഷിണ ബംഗളൂരുവിൽ ഇലക്ട്രോണിക് സിറ്റിക്കടുത്ത ഹെബ്ബഗോഡി ഡിപ്പോവിലെത്തി.
ആദ്യമെത്തിയ ഈ ആറ് കോച്ചുകൾ ഉപയോഗിച്ച് 19.15 കിലോമീറ്റർ മഞ്ഞ ലൈനിൽ പരീക്ഷണ ഓട്ടം നടത്തുമെന്ന് ബംഗളൂരു മെട്രൊ റെയിൽ കോർപറേഷൻ അധികൃതർ അറിയിച്ചു.
ആർ.വി. റോഡ്-ബൊമ്മസാന്ദ്ര-ജയദേവ് ഹോസ്പിറ്റൽ-സിൽക്ക് ബോർഡ് ജങ്ഷൻ-ഇല. സിറ്റി പാതയാണിത്. ജപ്പാനിലെ സർക്കാർ ഉടമയിലെ സി.ആർ.ആർ.സി നഞ്ചിങ് പുഴെൻ കമ്പനിയാണ് കോച്ചുകൾ നിർമിച്ചത്.
216 കോച്ചുകൾ വിതരണം ചെയ്യുന്നതിന് മെട്രോ കോർപറേഷൻ 2019ൽ ഉണ്ടാക്കിയ 1578 കോടി രൂപയുടെ കരാർ പ്രകാരമുള്ള ആദ്യ എണ്ണമാണ് എത്തിയത്.
ജപ്പാനിൽനിന്ന് കഴിഞ്ഞ മാസം 24ന് അയച്ച കോച്ചുകൾ ഈ മാസം ഒമ്പതിന് ചെന്നൈ തുറമുഖത്ത് എത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി കണ്ടെയ്നർ വഴി ബംഗളൂരുവിൽ എത്തിക്കാൻ പ്രതീക്ഷിച്ചതിനേക്കാൾ താമസം നേരിട്ടു. കോച്ചുകൾ കൂട്ടിയിണക്കാനുള്ള സാങ്കേതിക പരിജ്ഞാനമുള്ള ജപ്പാൻ എൻജിനീയർമാർ ഒപ്പം വന്നിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിലായി 32 പരിശോധനകൾ കഴിഞ്ഞ് മാത്രമേ കോച്ചുകൾ നമ്മ മെട്രോ പാളത്തിൽ ഓടിക്കൂ. റെയിൽവേ സുരക്ഷ കമീഷൻ അനുമതിയും ലഭിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.