കർണാടക നിക്ഷേപ സംഗമം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങും മുഖ്യമന്ത്രി സിദ്ധരമയ്യയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സംസ്ഥാനത്ത് 30,000 ഏക്കറിൽ നിലവിലുള്ള 200ലധികം വ്യവസായിക മേഖലകൾക്കൊപ്പം 12 പുതിയ നിക്ഷേപ മേഖലകൾ സ്ഥാപിക്കുമെന്ന് കർണാടക വൻകിട, ഇടത്തരം വ്യവസായ മന്ത്രി എം.ബി. പാട്ടീൽ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇന്ന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ഇൻവെസ്റ്റ് കർണാടക-2025 ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായിക മേഖലകൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി 3,800 കോടി രൂപ അനുവദിച്ചുകൊണ്ട് ഈ സോണുകൾ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോടെ സജ്ജീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം ഉൽപാദനച്ചെലവ് കുറക്കുന്നതിലാണ് സർക്കാറിന്റെ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് കൈവരിക്കുന്നതിനായി സംസ്ഥാനത്തുടനീളം എയ്റോസ്പേസ്, പ്രതിരോധം, ഇലക്ട്രിക് വാഹന നിർമാണം, ഫാർമസ്യൂട്ടിക്കൽ, ഡീപ്-ടെക്, ഡ്രോൺ പാർക്കുകൾ എന്നിവക്കായി ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടുന്ന ‘ക്ലസ്റ്റർ അധിഷ്ഠിത നയം’ സ്വീകരിച്ചിട്ടുണ്ട്.കർണാടക വ്യവസായ ഏരിയ വികസന ബോർഡ് (കെ.ഐ.എ.ഡി.ബി) ഇതിനകം 85,000 ഏക്കറിലധികം വ്യാവസായിക ഭൂമി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇത് 25,000 വ്യവസായങ്ങളുടെ കേന്ദ്രമാണ്. ചൈനയിൽ നിന്നുള്ള കടുത്ത മത്സരവും ആഗോള അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് സംസ്ഥാനം അതിന്റെ വ്യവസായിക ഭൂപ്രകൃതിയെ പുനർനിർവചിക്കാൻ തീരുമാനിച്ചു. ഡിജിറ്റൽ പരിവർത്തനം, പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ, മത്സരക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയിലൂടെ കർണാടക ഒരു ആഗോള നിർമാണ, നവീകരണ കേന്ദ്രമായി മാറാൻ ഒരുങ്ങുന്നു. ഭാവിയിലെ സാമ്പത്തിക വളർച്ചക്ക് സാങ്കേതിക വിദ്യ സ്വീകരിക്കൽ, നിക്ഷേപ ആകർഷണം, മത്സരാധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കൽ എന്നിവ പ്രധാന ചാലകശക്തികളായി കാണുന്നു. വ്യവസായിക മേഖലയിലും സർക്കാർ ഡിജിറ്റൽ പരിവർത്തനം നടപ്പിലാക്കുന്നുണ്ട്.
പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. എട്ട് ലക്ഷം ഇടത്തരം, ചെറുകിട, സൂക്ഷ്മ യൂനിറ്റുകളിലായി 55 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പിന്തുണക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.