മംഗളൂരു: വീടുകളിൽ കവർച്ച നടത്തിയ കേസുകളുമായി ബന്ധപ്പെട്ട് ഉത്തര കന്നട ജില്ലയിലെ ഹാലിയാൽ പൊലീസ് നാല് അന്തർ സംസ്ഥാന മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു. ഈ പ്രതികളെ ബോഡി വാറന്റ് മുഖേന കുന്താപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ഈ സ്റ്റേഷൻ പരിധിയിലെ കേസുകളുടെ അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയിലെ സോളാപുർ നിവാസികളായ ലഖൻ കുൽക്കർണി (31), സന്ദീപ് ലവതെ (25), വിവേക് കുംബർ (26), അസീസ് ഏലിയാസ് ചോട്ടെ (28) എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 19ന്, കുന്താപുരം സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ വെസ്റ്റ് ബ്ലോക്കിലെ ബിബി റോഡിലുള്ള രോഹിതിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു. പി. രവീന്ദ്രയുടെ വീട്ടിൽനിന്ന് 4.57 ലക്ഷം രൂപയുടെ സ്വർണ, വെള്ളി ആഭരണങ്ങളും മോഷ്ടിച്ചു. ഹാലിയാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മോഷണത്തിലും ഇവർ ഉൾപ്പെട്ടിരുന്നു.
അറസ്റ്റിനെ തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ, കുന്താപുരം കവർച്ചകളിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് അവർ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, കുന്താപുരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി, കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കർണാടകയുടെ വിവിധ ഭാഗങ്ങളിലായി സച്ചിൻ എന്ന ലഖനെതിരെ 28 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലും കേസുകളുണ്ട്. മൂന്ന് കേസുകളിൽ ഇതിനകം ശിക്ഷിക്കപ്പെട്ടു. അസീസിനെതിരെ കർണാടകയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലും കേസുകൾ നിലവിലുണ്ട്. കവർച്ച, മോഷണം എന്നീ കേസുകളിൽ സന്ദീപിനെതിരെ മഹാരാഷ്ട്രയിൽ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.