ബംഗളൂരു: 16ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു. ഇന്‍ഫന്ററി റോഡിലെ സുലോചന ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹലോട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് എസ്. ലാഡ്, എം.പി പി.സി. മോഹന്‍, എം.എല്‍.എ റിസ്വാന് അർഷദ്, ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, കര്‍ണാടക ചലനചിത്ര അക്കാദമി ചെയര്മാന് ഡോ. സാധു കോകില, കര്‍ണാടക ചലനചിത്ര അക്കാദമി പ്രസിഡന്റ് നരസിംഹലു, നടന് കിഷോര്‍ കുമാര്‍, ബി.ബി കാവേരി, ഹേമന്ത് എം. നിംബല്‍കര്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാജാജി നഗര്‍ ഓറിയോണ്‍ മാളിലെ 11 സ്ക്രീനുകള്‍ക്ക് പുറമെ സുചിത്ര ഫിലിം സൊസൈറ്റി, ചാമരാജ് പേട്ടിലെ ഡോ. അംബരീഷ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്. 60 രാജ്യങ്ങളില്‍നിന്നായി വിവിധ വിഭാഗത്തില്‍പ്പെടുന്ന 200 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. 13 സ്ക്രീനുകളിലായി 400ഓളം പ്രദര്‍ശനങ്ങള്‍ നടന്നു. യു.എസ്.എ, യു.കെ, ജര്‍മനി, ഫ്രാന്‍സ്, സൗത്ത് കൊറിയ, പോളണ്ട്, ജോര്‍ജിയ, ബ്രസീല്‍, ബെല്‍ജിയം, നെതര്‍ലൻഡ്, ഫിന്‍ലൻഡ്, ഇറാന്, അര്‍ജന്റീന, കാനഡ, ഡെന്മാര്ക്ക്, ഗ്രീസ്, റഷ്യ, ഫിലിപ്പീന്‍സ്, റുമേനിയ, ജപ്പാന്, സ്പെയ്ന്‍, ഇന്തോനേഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇത്തവണ പ്രദര്‍ശനത്തിന് എത്തിയിരുന്നു. യൂനിവേഴ്സല്‍ പീസ് ഇന്‍ ഡൈവേഴ്സിറ്റി എന്നതായിരുന്നു മേളയുടെ പ്രമേയം.
സിനിമയിലെ നൂതന വിദ്യകളുടെയും സാങ്കേതിക വിദ്യകളുടെയും പ്രായോഗിക വശങ്ങള്, സിനിമയിലെ സ്ത്രീകള്‍, ലോകോത്തര സിനിമയില്‍ അതിപ്രശസ്തരായ വ്യക്തികളുമായുള്ള സംവാദങ്ങളും പ്രഭാഷണങ്ങളും കൊണ്ട് മേള സമ്പന്നമായിരുന്നു. എട്ട് ദിവസത്തെ ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച പെണ് പോരാളികളുടെ കഥ പറഞ്ഞ നിരവധി ചിത്രങ്ങളാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത. മലയാളത്തില്‍നിന്നുള്ള ഫെമിനിച്ചി ഫാത്തിമ, യാസ്മിന് സംദറേലിയുടെ സമിയ, റോയ സാദത്തിന്റെ സിമാസ് സോങ്, പിതായ് എന്നിവയെല്ലാം തന്നെ ഈ ആശയം കേന്ദ്രീകരിച്ചുള്ളതാണ്. ‘സമിയ’ പോലെയുള്ള ചിത്രങ്ങള്‍ പ്രേക്ഷക മനസ്സ് കീഴടക്കി.
കന്നട സിനിമയുടെ 91 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച, ആദ്യത്തെ കന്നട ശബ്ദചിത്രമായ സതി സുലോചനയുടെ പ്രകാശന വാര്‍ഷിക ആഘോഷം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി മേളയില്‍ നടന്നു. സെലിയ റികോ ക്ലാവെല്ലിനോയുടെ ‘ലിറ്റില്‍ ലവ്സ്’ മേളയുടെ ക്ലോസിങ് ഫിലിം ആയി പ്രദര്‍ശിപ്പിച്ചു. മലഗ സ്പാനിഷ് ഫിലിം ഫെസ്റ്റിവലില്സ്പെഷല് ജൂറി പുരസ്കാരവും മികച്ച സഹനടിക്കുള്ള അവാര്‍ഡും സാന്‍ സെബാസ്റ്റ്യന്‍ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ പുരസ്കാരം നേടിയിട്ടുണ്ട്. തെരെസയുടെയും അവളുടെ അമ്മയുടെയും ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. രണ്ടു കാലഘട്ടത്തെ പ്രതിനിധികള്‍ ആണെങ്കിലും ജീവിതം നല്കുന്ന അനുഭവങ്ങളില്‍ അവര്‍ തമ്മില്‍ സമാനതകള്‍ ഏറെയായിരുന്നു. സ്വയം തിരിച്ചറിവില്‍ അവർ എത്തുന്നതോടെ ചിത്രം അവസാനിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.