പ്രതിപക്ഷ പാർട്ടികളുടെ പുതിയ സഖ്യമായ ‘ഇന്ത്യ’യുടെ നേതാക്കൾ ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ. സിദ്ധരാമയ്യ,
ഹേമന്ദ് സോറൻ, മമത ബാനർജി, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ശരദ്പവാർ, സീതാറാം
യെച്ചൂരി, ഡി. രാജ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ മുൻനിരയിൽ
ബംഗളൂരു: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ‘ഇന്ത്യ’ എന്ന പേരിൽ പ്രതിപക്ഷ പാർട്ടികളുടെ പുതിയ സഖ്യം. ബംഗളൂരുവിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്ന 26 പ്രതിപക്ഷ പാർട്ടികളുടെ യോഗമാണ് കൂട്ടായ തീരുമാനമെടുത്തത്. ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ് (ഐ.എൻ.ഡി.ഐ.എ) എന്നതിന്റെ ചുരുക്കമെന്ന രൂപത്തിലാണ് ഈ പേര് സഖ്യത്തിന് തീരുമാനിച്ചതെന്ന് യോഗശേഷം
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. മുമ്പ് ഞങ്ങൾ യു.പി.എ (ദേശീയ പുരോഗമന സഖ്യം) എന്ന പേരിൽ പ്രവർത്തിച്ചു. ഇപ്പോൾ 26 പാർട്ടികൾ ബി.ജെ.പിക്കെതിരെ പുതിയ സഖ്യമുണ്ടാക്കിയെന്നും ‘ഇന്ത്യ’ എന്ന പുതിയ പേരാണ് ഇതിന് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയിൽ ചേരും. 11 അംഗ കോഓഡിനേഷൻ കമ്മിറ്റിയെ മുംബൈ യോഗത്തിൽ തെരഞ്ഞെടുക്കും. പുതിയ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏകോപിപ്പിക്കാൻ ന്യൂഡൽഹിയിൽ പ്രത്യേക കേന്ദ്രം രൂപവത്കരിക്കുമെന്നും ഖാർഗെ പറഞ്ഞു.
ഏഴ് മുഖ്യമന്ത്രിമാരടക്കം 26 പാർട്ടികളുടെ നേതാക്കളാണ് രണ്ടുദിന യോഗത്തിൽ പങ്കെടുത്തത്. ബംഗാൾ, തമിഴ്നാട്, ഡൽഹി, പഞ്ചാബ്, ബിഹാർ, ഝാർഖണ്ഡ്, കർണാടക മുഖ്യമന്ത്രിമാരായ മമത ബാനർജി, എം.കെ. സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ, ഭഗവന്ദ് മാൻ, നിതീഷ് കുമാർ, ഹേമന്ദ് സോറൻ, സിദ്ധരാമയ്യ എന്നിവർ പങ്കെടുത്തു.
വിവിധ പാർട്ടികളുടെ 50ലധികം നേതാക്കളും പങ്കെടുത്തു. സോണിയ ഗാന്ധി, രാഹുൽഗാന്ധി -കോൺഗ്രസ്, ശരത് പവാർ -എൻ.സി.പി, ശിവസേനയുടെ ഉദ്ദവ് താക്കറെ, സി.പി.എമ്മിന്റെ സീതാറാം യെച്ചൂരി, നാഷനൽ കോൺഗ്രസിന്റെ ഉമർ അബ്ദുല്ല തുടങ്ങിയവരടക്കമാണിവർ. ജൂൺ 23ന് പട്നയിലാണ് പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം ചേർന്നത്. രണ്ടാമത് പരിപാടിയാണ് ബംഗളൂരുവിൽ ചൊവ്വാഴ്ച സമാപിച്ചത്.
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്കെതിരായ സഖ്യം രൂപവത്കരിക്കുകയായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം. യോഗത്തിന്റെ ആദ്യദിനത്തിൽ പങ്കെടുക്കാതിരുന്ന എൻ.സി.പി തലവൻ ശരത് പവാർ രണ്ടാം ദിനത്തിൽ യോഗത്തിനെത്തി. കർണാടക മന്ത്രിമാരായ ലക്ഷ്മി ഹെബ്ബാൽക്കർ, എം.ബി. പാട്ടീൽ എന്നിവർ ചേർന്ന് ശരത് പവാറിനെ സ്വീകരിച്ചു. എൻ.ഡി.എ സഖ്യത്തിലെ പാർട്ടികളെ ബി.ജെ.പി ബഹുമാനിക്കുന്നില്ലെന്നും അവഗണിക്കുകയാണെന്നും അവരുടെ വോട്ട് മാത്രമേ ബി.ജെ.പിക്ക് ആവശ്യമുള്ളൂവെന്നും മല്ലികാർജുൻ ഖാർഗെ നേരത്തേ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.