ബംഗളൂരു: സ്വാതന്ത്ര്യ ദിന-ഓണാവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് എ.സി സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ് സ്പെഷൽ (06523/06524), എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ് സ്പെഷൽ (06547/06548) എന്നിവയാണ് പ്രഖ്യാപിച്ചത്.
ഇരു ട്രെയിനുകളും ഇരു ദിശകളിലുമായി ആറുവീതം സർവിസ് നടത്തും. ആഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 16 വരയാണ് സർവിസ്. നേരത്തേ വേനൽക്കാല സ്പെഷലായി ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ചിരുന്ന ട്രെയിനിന്റെ സർവിസ് ജൂൺ വരെ നീട്ടിയിരുന്നു. ഇതടക്കം ഈ ഓണക്കാലത്ത് മൂന്ന് സ്പെഷൽ ട്രെയിനുകളുടെ സേവനം ബംഗളൂരുവിൽനിന്ന് പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള മലയാളി യാത്രക്കാർക്ക് ലഭിക്കും. അതേസമയം, കേരളത്തിന്റെ വടക്കൻ ജില്ലകളിലേക്ക് ബംഗളൂരുവിൽനിന്ന് പാലക്കാട് വഴി നിലവിൽ സ്പെഷലുകളൊന്നും റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല.
ആഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 15 വരെ എല്ലാ തിങ്കളാഴ്ചകളിലും രാത്രി 7.25ന് എസ്.എം.വി.ടിയിൽ നിന്ന് പുറപ്പെടുന്ന എസ്.എം.വി.ടി ബംഗളൂരു- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷൽ (06523) ചൊവ്വാഴ്ചകളിൽ ഉച്ചക്ക് 1.15ന് തിരുവനന്തപുരത്തെത്തും. തിരിച്ച് ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 16 വരെ എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് 3.15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത്- എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ് സ്പെഷൽ ( 06524) ബുധനാഴ്ച രാവിലെ 8.30ന് ബംഗളൂരുവിലെത്തും.
എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ് സ്പെഷൽ (06547/06548) എല്ലാ ബുധനാഴ്ചകളിലും ബംഗളൂരുവിൽ നിന്നും എല്ലാ വ്യാഴാഴ്ചകളിലും തിരുവനന്തപുരം നോർത്തിൽനിന്നും സർവിസ് നടത്തും. ആഗസ്റ്റ് 13, 27, സെപ്റ്റംബർ മൂന്ന് ദിവസങ്ങളിൽ എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷൽ (06547) ബംഗളൂരുവിൽനിന്ന് രാത്രി 7.25ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 1.15ന് തിരുവനന്തപുരത്തെത്തും. തിരിച്ച് ആഗസ്റ്റ് 14, 28, സെപ്റ്റംബർ നാല് തീയതികളിൽ തിരുവനന്തപുരം നോർത്തിൽ നിന്ന് വൈകീട്ട് 3.15ന് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത്- എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ് സ്പെഷൽ (06548) പിറ്റേന്ന് രാവിലെ 8.30ന് ബംഗളൂരുവിലെത്തും.
ഈ ട്രെയിനുകൾക്ക് കെ.ആർ. പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല ശിവഗിരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. രണ്ട് എ.സി ടു ടയർ, 16 എ.സി ത്രീ ടയർ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനും അടക്കം 20 എൽ.എച്ച്.ബി കോച്ചുകളാണ് സ്പെഷൽ ട്രെയിനുകൾക്കുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.