ഡോ. ശ്രീനിവാസ്

മംഗളൂരുവിൽ കോവിഡ് കാലത്ത് മാസ്ക് ധരിക്കാത്ത ഡോക്ടർക്കെതിരായ കേസ് ഹൈകോടതി റദ്ദാക്കി

മംഗളൂരു: കോവിഡ് സമയത്ത് മാസ്ക് ധരിക്കാതെ ഷോപ്പിങ് മാളിൽ കയറിയതിന് രജിസ്റ്റർ ചെയ്ത കേസിൽ മംഗളൂരുവിലെ പ്രശസ്ത ഫിസിഷ്യൻ ഡോ. ശ്രീനിവാസ് കക്കിലായക്കെതിരായ ക്രിമിനൽ നടപടികൾ കർണാടക ഹൈകോടതി റദ്ദാക്കി. 2021 മേയ് 18 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു ഈസ്റ്റ് (കദ്രി) പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് കേസ് മംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ (ആറ്) മുമ്പാകെ എത്തി. നടപടിക്രമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. കക്കിലായ പിന്നീട് കർണാടക ഹൈകോടതിയെ സമീപിച്ചു. 2021 ആഗസ്റ്റ് 31ന് ജസ്റ്റിസ് നടരാജൻ തുടർ നടപടികൾക്ക് ഇടക്കാല സ്റ്റേ അനുവദിച്ചു.

കേസ് തീർപ്പാക്കാത്ത സമയത്തും സ്റ്റേ പ്രാബല്യത്തിൽ തുടർന്നു. ഒടുവിൽ പുറപ്പെടുവിച്ച അന്തിമ ഉത്തരവിൽ ജസ്റ്റിസ് രവി ഹോസ്മാനി അധ്യക്ഷനായ ബെഞ്ച് ഡോക്ടർക്കെതിരായ കുറ്റപത്രവും ക്രിമിനൽ നടപടികളും പൂർണമായി റദ്ദാക്കി. ആരോപിക്കപ്പെട്ട കൂറ്റം തെളിയിക്കപ്പെട്ടാൽ പരമാവധി 200 രൂപ പിഴ ലഭിക്കാവുന്നതാണെന്നും ക്രിമിനൽ പ്രോസിക്യൂഷന് അർഹതയില്ലെന്നും ഹരജിക്കാരൻ വാദിച്ചു. പൊലീസ് ചുമത്തിയ വ്യവസ്ഥകൾ പ്രകാരം കേസിന് നിയമപരമായ അടിസ്ഥാനമില്ലെന്നും വാദിച്ചു.

ഹരജിക്കാരൻ ഉന്നയിച്ച വാദങ്ങൾ ഹൈകോടതി അംഗീകരിച്ചു. യഥാർഥ പരാതിക്കാരനോ സർക്കാറോ ഹരജിയിൽ എതിർപ്പ് ഫയൽ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡോ. കക്കിലയയെ പ്രതിനിധീകരിച്ച് അഭിഭാഷകരായ സച്ചിൻ ബി.എസ്, അനികേത് കെ.വി, ചിദാനന്ദ് കെഡിലയ, ശിവപ്രസാദ് എ എന്നിവർ ഹാജരായി. മഹാമാരിയുടെ സമയത്ത് രജിസ്റ്റർ ചെയ്തപ്പോൾ കേസ് വളരെയധികം പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നു. വിവാദത്തിനിടെ തനിക്കെതിരെ നടത്തിയ പ്രസ്താവനകളുടെ പേരിൽ ചില വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ഡോ. കക്കിലായ പ്രത്യേക ക്രിമിനൽ മാനനഷ്ടക്കേസുകൾ ഫയൽ ചെയ്തു. ആ നടപടികൾ ഇപ്പോഴും മംഗളൂരുവിലെ കോടതികൾക്ക് മുമ്പാകെ പരിഗണനയിലാണ്.

Tags:    
News Summary - High Court quashes case against doctor for not wearing a mask in Mangaluru during the COVID period

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.