കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ, കെ.പി.സി.സി അധ്യക്ഷൻ ഹരിപ്രസാദ് എന്നിവർക്കൊപ്പം ബസവരാജ് ഹൊരട്ടി
ബംഗളൂരു: നാടകീയ നീക്കങ്ങൾക്കും രാഷ്ട്രീയ കോളിളക്കങ്ങൾക്കും ഒടുവിൽ മുതിർന്ന ബി.ജെ.പി നേതാവ് ബസവരാജ് ഹൊരട്ടി കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കർ സ്ഥാനം രാജിവെച്ചു.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും നിരന്തര ആവശ്യങ്ങളെ തുടർന്നാണ് തീരുമാനമെങ്കിലും സ്വമേധയാ രാജി സമർപ്പിക്കുകയാണെന്നാണ് അദ്ദേഹം കത്തിൽ വ്യക്തമാക്കിയത്. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ അദ്ദേഹത്തെ താൽക്കാലിക സ്പീക്കറായി നിലനിർത്തും. സുപ്രീംകോടതി വിധിയിലൂടെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി ഗായത്രി ശാന്തെഗൗഡ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം വിധാൻ സൗധയിലെ സ്പീക്കറുടെ ഓഫിസിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കെ.പി.സി.സി പ്രസിഡന്റ് ഹരിപ്രസാദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുന്നോടിയായി ബസവരാജ് ഹൊരട്ടി മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചർച്ച നടത്തി.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം കടുത്ത അമർഷത്തോടെയാണ് അദ്ദേഹം മടങ്ങിയത്. ബസവരാജ് ഹൊരട്ടിയുടെ രാജിയോട് പ്രതികരിച്ച മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, രാഷ്ട്രീയ യാഥാർഥ്യങ്ങളെക്കുറിച്ച് ഹൊരട്ടിക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് പ്രതികരിച്ചു. പൂർണമായ ബഹുമാനത്തോടെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ ഹൊറട്ടിയെ തന്നെ താൽക്കാലിക സ്പീക്കറായി തുടരാൻ ഗവർണറോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
75 അംഗ ലജിസ്ലേറ്റീവ് കൗൺസിലിൽ കോൺഗ്രസിനാണ് ഭൂരിപക്ഷം. ബി.ജെ.പിക്ക് കൂടുതൽ അംഗബലമുള്ളപ്പോഴാണ് ഹൊരട്ടി സ്പീക്കറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.