കെ.പി.എസ്.സി തട്ടിപ്പ്: ഗ്യാനേന്ദ്രകുമാർ കാമുകിക്ക് സമ്മാനിച്ചത് 26 ലക്ഷത്തിന്റെ സ്വർണാഭരണം
ബംഗളൂരു: കർണാടക പബ്ലിക് സർവിസ് കമീഷൻ (കെ.പി.എസ്.സി) വെറ്ററിനറി ഓഫിസർ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാറിനെയും ബ്രോക്കർ ബസവരാജു കണ്ണാലെയെയും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മജിസ്ട്രേറ്റ് കോടതി അനുമതി നൽകി.
കേസിൽ രണ്ട് പ്രതികളുടെയും പങ്ക് സ്ഥിരീകരിച്ചതിനാല്‍ ഇവരുടെ ചോദ്യം ചെയ്യലും മൊഴികളും നിർണായകമാണ്. ബസവരാജു കണ്ണാലെയുമായി ചേര്‍ന്ന് ഗ്യാനേന്ദ്ര കുമാർ ചോദ്യപേപ്പറുകൾ ചോർത്തി കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കൾ സമ്പാദിച്ചുവെന്ന് സി.ഐ.ഡി അന്വേഷണത്തിൽ കണ്ടെത്തി. അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് മധ്യപ്രദേശിലെ ബറേലിയിലും മധ്യ കർണാടകയിലെ രണ്ട് ജില്ലകളിലുമായി അദ്ദേഹം സ്വത്തുക്കൾ വാങ്ങി.
എം.എസ്.എം.ഇ വകുപ്പിലേക്ക് മാറ്റുന്നതിന് മുമ്പ്, ഗ്യാനേന്ദ്ര ഏകദേശം 38 ലക്ഷം രൂപയുടെ അനധികൃത ഫണ്ട് ഒരു ബിനാമി അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. ഈ അക്കൗണ്ടിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് ബംഗളൂരുവിലെയും ഡൽഹിയിലെയും ഷോറൂമുകളിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ വാങ്ങി ഡൽഹിയിലെ സ്വകാര്യ വാർത്താ ചാനലിൽ ജോലി ചെയ്തിരുന്ന തന്റെ കാമുകിക്ക് സമ്മാനമായി നൽകി.
ചോദ്യം ചെയ്യലിൽ ഇടപാട് ആദ്യം നിഷേധിച്ചെങ്കിലും സി.ഐ.ഡി ഉദ്യോഗസ്ഥർ ബില്ലുകളും സി.സി.ടി.വി ദൃശ്യങ്ങളും ഹാജരാക്കിയപ്പോള്‍ ഇദ്ദേഹം കുറ്റസമ്മതം നടത്തി. ചോർന്ന ചോദ്യപേപ്പറുകൾ കണ്ണാലെക്ക് അയച്ചതായി ഗ്യാനേന്ദ്ര സമ്മതിച്ചു. പണത്തിനായി ബ്രോക്കർമാർ വഴി ഉദ്യോഗാർത്ഥികൾക്ക് വിറ്റു. സ്കൂളുകളും റിയൽ എസ്റ്റേറ്റും വാങ്ങാൻ പണം ഉപയോഗിച്ചു.
സി.ഐ.ഡി അന്വേഷണത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി ആഗസ്റ്റ് 19 മുതൽ അയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും കാമുകിക്കൊപ്പം നോയിഡയിലെ ഒരു ഹോട്ടലിൽ താമസിക്കുകയും ചെയ്തു.
കാമുകിയുമായുള്ള വഴക്കിനെ തുടർന്ന് ഗ്യാനേന്ദ്ര ഡൽഹി വഴി ബംഗളൂരുവിലെത്തി സി.ഐ.ഡി ഓഫിസിൽ കീഴടങ്ങുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രൊബേഷനറി കാലയളവ് മുതൽ ഗ്യാനേന്ദ്ര കുമാർ അഴിമതി നടത്തിയിരുന്നുവെന്ന് സി.ഐ.ഡി അന്വേഷണത്തിൽ കണ്ടെത്തി. വടക്കൻ കർണാടകയിലെ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെയും മറ്റ് ബിനാമി വ്യക്തികളുടെയും പേരിൽ ചിത്രദുർഗയിലെയും വടക്കൻ കർണാടകയിലെയും സ്കൂളുകളിൽ അദ്ദേഹം കള്ളപ്പണം നിക്ഷേപിച്ചതായി ആരോപണമുണ്ട്. രണ്ടാം പ്രതിയായ ബസവരാജു കണ്ണാലെ ബംഗളൂരുവിലെയും ബിദറിലെയും ദേശസാത്കൃത ബാങ്കുകളിൽ നിരവധി ബിനാമി അക്കൗണ്ടുകൾ സൂക്ഷിച്ചിരുന്നു. അക്കൗണ്ട് ഉടമകൾക്ക് കമീഷൻ നൽകി പണം പിൻവലിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.