അനധികൃത തോക്കുകള്‍ സമര്‍പ്പിക്കാന്‍ സമയപരിധി നിശ്ചയിച്ച് കർണാടക മുഖ്യമന്ത്രി
ബംഗളൂരു: അനധികൃതമായി കൈവശം വെച്ച തോക്കുകൾ പൊലീസിന് സമർപ്പിക്കുന്നതിന് നവംബർ ഒന്നിനകം സമയപരിധി നിശ്ചയിച്ച കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
നിര്‍ദേശം പാലിക്കാത്തവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കർണാടക വനം വകുപ്പ് ബംഗളൂരു ഫോറസ്റ്റ് ഭവനിൽ സംഘടിപ്പിച്ച 'ദേശീയ വന രക്തസാക്ഷി ദിനം - 2026' പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോക്കുകൾ നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധമായി കൈവശം വക്കുന്നത് തടയുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം. സ്വയം രക്ഷാര്ഥം തോക്കുകള്‍ കൈവശം വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ ലൈസൻസിന് അപേക്ഷിക്കാം. ലൈസൻസില്ലാത്ത ഒരു ആയുധവും വീടുകളിൽ സൂക്ഷിക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
വനത്തെയും വന്യജീവികളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ശിവകുമാർ ഊന്നിപ്പറഞ്ഞു. വേട്ടയാടൽ അവസാനിപ്പിക്കണം. വനം വകുപ്പിലെ ഫ്രണ്ട്ലൈൻ ജീവനക്കാർക്ക് ആഴ്ചതോറുമുള്ള അലവൻസ് പ്രഖ്യാപിക്കണമെന്ന അഭ്യർത്ഥന ലഭിച്ചതായി പറഞ്ഞ മുഖ്യമന്ത്രി സാമ്പത്തിക വശം പരിശോധിച്ച ശേഷം സർക്കാർ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും പറഞ്ഞു. വനങ്ങൾക്ക് സമീപം താമസിക്കുന്ന ആളുകളുമായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അവരെ ഉപദ്രവിക്കരുതെന്നും അദ്ദേഹം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വനമേഖലക്കുള്ളിലെ വികസന പദ്ധതികൾ വൈകിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.