ഡി.കെ 100 ദിനം; നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചു
ബംഗളൂരു: കോൺഗ്രസ് ഭരണകൂടം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡി.കെ സർക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടി വിധാന സൗധയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിലും അഞ്ച് ഗ്യാരണ്ടി പദ്ധതികൾ തുടരുന്നതിലും വരൾച്ച പരിഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ അവസരം വെറുമൊരു ആഘോഷമായി കാണരുതെന്നും സർക്കാർ ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റുന്നുണ്ടോ എന്ന് വിലയിരുത്താനുള്ള അവസരമായി കാണണമെന്നും സിദ്ധരാമയ്യ പറഞ്ഞു.
തുല്യതയുള്ള സമൂഹം സൃഷ്ടിക്കാന്‍ ഗ്യാരണ്ടി പദ്ധതികള്‍ പിന്തുടരണം. ശിവകുമാറിനെയും മന്ത്രി സഭയെയും അഭിനന്ദിക്കുകയും സര്‍ക്കാര്‍ ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കർണാടകയിലെ ഏഴ് കോടി ജനങ്ങളുടേതാണ് സർക്കാർ എന്ന് മുഖ്യമന്ത്രി പറഞ്ഞു. 2037 ആകുമ്പോഴേക്കും കർണാടകയെ ഒരു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യം. അടുത്ത 500 ദിവസത്തിനുള്ളിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്തും.
അടിസ്ഥാന സൗകര്യങ്ങളില്‍ പുതുതായി മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപവും പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം അഞ്ചു നഗരങ്ങൾ മെട്രോപൊളിറ്റൻ നിലവാരത്തിലേക്ക് ഉയര്‍ത്തും. ഒരു ലക്ഷം സർക്കാർ ജോലികളും അഞ്ചു ലക്ഷം സ്വകാര്യ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
അഞ്ചു പുതിയ ലാൽബാഗ്-മോഡൽ ഉദ്യാനങ്ങള്‍ വികസിപ്പിക്കുന്നതിനും ബംഗളൂരുവിലെ ഏഴു തടാകങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. നാളത്തെ ഇന്ത്യക്ക് കർണാട ഒരു മാതൃകയായി മാറ്റുന്നതിനുള്ള ചുവടുവെപ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ ശക്തിയാണ് രാജ്യത്തിന്റെ ശക്തി.
കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമ്പോഴെല്ലാം ജനാധിപത്യം നിലനിര്‍ത്താന്‍ പരിശ്രമിച്ചുവെന്നും 2028 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിക്കുമെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി സര്‍വിസ് വൺ ഡിജിറ്റൽ സിറ്റിസൺ സർവിസസ് പ്ലാറ്റ്ഫോം, മുഖ്യമന്ത്രി റൈത ചൈതന്യ പദ്ധതി, ബി.എം.ടി.സി. 2.0 മൊബൈൽ ആപ്ലിക്കേഷൻ, വീടോ സ്ഥലമോ ഇല്ലാത്തവർക്ക് അഞ്ച് ലക്ഷം ആളുകള്‍ക്ക് സ്ഥലങ്ങൾ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി എന്നിവയുൾപ്പെടെ നിരവധി സംരംഭങ്ങൾക്ക് കർണാടക സർക്കാർ വ്യാഴാഴ്ച തുടക്കം കുറിച്ചു. ഡീസൽ വാഹനങ്ങൾക്കായി ഒരു റിട്രോഫിറ്റ് എമിഷൻ കൺട്രോൾ ഡിവൈസ് (ആര്.ഇ.സി.ഡി) സംരംഭം അവതരിപ്പിക്കുന്നതിനും സൈനിക് സമ്മാൻ പദ്ധതി പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കാന്‍ സേവാ വൺ എന്ന ഏകീകൃത ഡിജിറ്റൽ സംവിധാനം നവീകരിക്കും.
സമയബന്ധിതവും സ്ഥലത്തിനനുസരിച്ചുള്ളതുമായ കാർഷിക ഉപദേശങ്ങൾ നൽകി കൃഷി കൂടുതൽ ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെ മാണ്ഡ്യ, ബെലഗാവി, വിജയപുര, ഹാസൻ, ശിവമോഗ എന്നിവിടങ്ങളിലാരംഭിച്ച റൈത്ത ചൈതന്യ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ബി.എം.ടി.സി 2.0 മൊബൈൽ ആപ്ലിക്കേഷൻ യാത്രക്കാർക്ക് ബസുകൾ തത്സമയം ട്രാക്ക് ചെയ്യാനും, എത്തിച്ചേരുന്ന സമയങ്ങളും റൂട്ടുകളും പരിശോധിക്കാനും, ഡിജിറ്റലായി ടിക്കറ്റുകൾ വാങ്ങാനും, വാലറ്റ് സൗകര്യം ഉപയോഗിക്കാനും സഹായിക്കും.
മൾട്ടിമോഡൽ യാത്രാ പ്ലാനർ, ബി.എം.ടിസി, നമ്മ മെട്രോ എന്നിവക്കുള്ള സംയോജിത ടിക്കറ്റിങ്, പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകൾ എന്നിവയും ഇതിലൂടെ ലഭിക്കും. കെ.എസ്.ആർ.ടി.സി അവതാര 2.0 മുഖേന നാല് സംസ്ഥാന ഗതാഗത കോർപറേഷനുകളും സർവിസ് നടത്തുന്ന ബസുകളുടെ ബുക്കിങ് ആപ്പ് അല്ലെങ്കിൽ വാട്ട്സ്ആപ്പ് വഴി സുഗമമാക്കും. കെ.എസ്.ആർ.ടി.സി, കെ.എസ്.ടി.ഡി.സി ടൂർ പാക്കേജുകളും ഡിജിറ്റൽ പ്രതിമാസ പാസുകളും ലഭ്യമാക്കും. എല്ലാവര്ക്കും തുല്യ അവസരവും വികസനവും ലഭ്യമാക്കുക എന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടികള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടുകൾ കേൾക്കാനും ആവശ്യങ്ങൾക്ക് മറുപടി നൽകാനും ഒരു കുടുംബാംഗമായി എപ്പോഴും കൂടെയുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.