ഡി.കെ. ശിവകുമാർ
കർണാടകയിൽ 'വന്ദേമാതരം' ആദ്യ രണ്ട് ഖണ്ഡിക മാത്രം; ഉത്തരവിറക്കി സർക്കാർ
ബംഗളൂരു: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അല്ലെങ്കിൽ ഗവർണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികൾ ഒഴികെ, വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമേ ആലപിക്കാൻ പാടുള്ളൂ എന്ന് കർണാടകയിലെ കോൺഗ്രസ്സ് സർക്കാർ ഉത്തരവിട്ടു. സംസ്ഥാനത്ത് നടക്കുന്ന സർക്കാർ പരിപാടികളിലും ചടങ്ങുകളിലും വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭ എടുത്ത തീരുമാനത്തെ തുടർന്നാണ് ഈ ഉത്തരവ്.
ജനുവരിയിൽ, ദേശീയഗാനമായ ജനഗണ മനക്ക് മുമ്പ് വന്ദേമാതരത്തിലെ ആറ് ഖണ്ഡങ്ങളും ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷ വേളയിലാണ് കേന്ദ്രം ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. എന്നാൽ, പാർട്ടി പരിപാടികളിൽ ദേശീയ ഗാനത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കാവൂ എന്ന 1937ലെ വന്ദേമാതരം സംബന്ധിച്ച പ്രമേയം പാലിക്കാൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റി ആഗസ്റ്റ് 19ന് തീരുമാനിച്ചു. പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ പൂർണ്ണ പതിപ്പ് ആലപിക്കാത്തതിലൂടെ കോൺഗ്രസ് നേതാക്കൾ വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചതിനെ തുടർന്നാണ് തീരുമാനം.
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് ദേശീയത, ഐക്യം, ദേശസ്‌നേഹം എന്നിവ വളർത്തിയെടുക്കുന്നതിൽ വന്ദേമാതരം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഉത്തരവിന്റെ ആമുഖത്തിൽ പറയുന്നു. ദേശീയ ഗാനത്തിന്റെ ഔദ്യോഗിക പതിപ്പിനെക്കുറിച്ചും വിവിധ സർക്കാർ, പൊതു ചടങ്ങുകളിൽ അത് ആലപിക്കുന്നതിനോ വായിക്കുന്നതിനോ ഉള്ള പ്രോട്ടോക്കോളിനെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.
കർണാടകയിലെ സർക്കാർ പരിപാടികളിലും ചടങ്ങുകളിലും വന്ദേമാതരം ആലപിക്കുന്നതിലും വായിക്കുന്നതിലും ഏകീകൃതത, അന്തസ്സ്, ഉചിതമായ പ്രോട്ടോക്കോൾ എന്നിവ ഉറപ്പാക്കുക എന്നതാണ് ഈ ഉത്തരവിന്റെ ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. 'ആമുഖത്തിൽ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങൾ കണക്കിലെടുത്ത്, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികൾ ഒഴികെ, സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിൽ വന്ദേമാതരം ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കാൻ പാടുള്ളൂ എന്ന് ഇതിനാൽ ഉത്തരവിട്ടിരിക്കുന്നു,' ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.