ബംഗളൂരു: സംസ്ഥാനത്ത് നിക്ഷേപ സാധ്യതയും തൊഴിലവസരവും ലക്ഷ്യമിടുന്ന ആഗോള നിക്ഷേപക സംഗമത്തിന് ബുധനാഴ്ച തുടക്കമാകും. ബംഗളൂരു പാലസില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന നിക്ഷേപ സംഗമത്തിലൂടെ അഞ്ചു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കർണാടക സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വിധാൻ സൗധയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. കോവിഡ് മഹാമാരിക്കു ശേഷമുള്ള ആദ്യത്തെ ആഗോള നിക്ഷേപക സംഗമമാണിത്. അദാനി, ഹിന്ദുജ, വേദാന്ത, റിലയന്‍സ് തുടങ്ങി രാജ്യത്തെ വന്‍കിട സ്ഥാപനങ്ങളടക്കം 5000ത്തിലേറെ നിക്ഷേപകര്‍ പങ്കെടുക്കും. പല വ്യവസായ ഭീമന്മാരും കർണാടകയിൽ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഊർജ പുനരുപയോഗം, സെമികണ്ടക്ടർ, എയറോസ്പേസ്, പ്രതിരോധ മേഖലകളിലെ വികസനവും വെല്ലുവിളികളും സംബന്ധിച്ച ചർച്ചകൾ ആഗോള നിക്ഷേപക സംഗമത്തിൽ നടക്കും.
അടുത്ത അഞ്ചു വർഷത്തേക്ക് കർണാടകയിൽ സംഭവിക്കാൻ പോകുന്ന സാമ്പത്തിക ചലനത്തിന്റെ സൂചനയാകും സംഗമമെന്നും താൽപര്യമുള്ള സംരംഭകരും ചെറുകിട വ്യവസായികളും രജിസ്റ്റർ ചെയ്യണമെന്നും പ്രവേശനം രജിസ്റ്റർ ചെയ്തവർക്ക് മാത്രമായി ചുരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിക്ഷേപ സംഗമത്തിന് മുന്നോടിയായി യൂറോപ്പിലും അമേരിക്ക, ജപ്പാന്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും ഇന്ത്യയിൽ ഡല്‍ഹി, ഹൈദരാബാദ്, മുംബൈ നഗരങ്ങളിലും റോഡ്ഷോ നടത്തിയിരുന്നു. വിവിധ കമ്പനികളുമായുള്ള ധാരണപത്രങ്ങളിലൂടെ മൂന്നു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം നേരത്തേ തീരുമാനമായിട്ടുണ്ട്.
ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിക്ഷേപ സംഗമം ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ധനമന്ത്രി നിര്‍മല സീതാരാമന്, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ഭഗ്വന്ത് ഖുബ, കര്‍ണാടക വ്യവസായ മന്ത്രി മുരുകേഷ് ആര്. നിറാനി തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.