ഞങ്ങൾ വെറുതെ ഇരിക്കില്ല, കർണാടകയിൽ ഒരുകോടി വോട്ടുകൾ വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ
ബംഗളൂരു: സി.ബി.ഐ, ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവക്കു പുറമെ തെരഞ്ഞെടുപ്പ് കമീഷനെയും ഉപയോഗിച്ച് ബി.ജെ.പി കോൺഗ്രസിനെതിരെ പോരാടുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടി വളരെ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും കർണാടകയിലും ദേശീയതലത്തിലും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ യാതൊരുവിധ ക്രമക്കേടുകളും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കർണാടകയിൽ ആകെ വോട്ടർമാരുടെ 23 ശതമാനത്തോളം പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് യഥാർഥത്തിലുള്ള ഒഴിവാക്കലാണോ എന്ന് ഞങ്ങൾക്ക് സംശയമുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഏകദേശം 15 ലക്ഷത്തോളം വോട്ടർമാരെ ഒഴിവാക്കിയിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് ആകെയുള്ള 5.54 കോടിയിൽ 1,07,04,415 വോട്ടുകൾ ഒഴിവാക്കാനായി അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 43 ലക്ഷം വോട്ടർമാർക്ക് നോട്ടീസ് അയച്ചു. ഇവരെയും ഒഴിവാക്കിയേക്കാം. തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾ, പ്രത്യേകിച്ച് കഴിഞ്ഞ 3-4 വർഷമായി ഒട്ടും ആശാവഹമല്ല.’ -വേണുഗോപാൽ പറഞ്ഞു.
എസ്.ഐ.ആർ നടപടികൾ നീതിയുക്തമാണെന്ന് ഉറപ്പാക്കാൻ അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബംഗളൂരുവിൽ പുതുതായി നിയമിതരായ ഡി.സി.സി അധ്യക്ഷന്മാരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വേണുഗോപാൽ.
പാർട്ടിയുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ജില്ല കോൺഗ്രസ് അധ്യക്ഷന്മാരെ മാറ്റിസ്ഥാപിച്ച് പുതിയവരെ നിയമിക്കുമെന്നും, ഇതിനായി ആറു മാസത്തിനുശേഷം വിലയിരുത്തൽ നടത്തുമെന്നും വേണുഗോപാൽ യോഗത്തിൽ മുന്നറിയിപ്പ് നൽകി. കർണാടകയിൽ പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയും സംഘടനയിലൂടെ ഉയർന്നുവന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി രാജ്യവ്യാപകമായി നടത്തുന്ന സംഘടനാ പുനഃസംഘടനയുടെയും സംഘടൻ സൃജൻ അഭിയാൻ കാമ്പയിനിന്റെയും ഭാഗമായായിരുന്നു യോഗം. കർണാടകയിൽ ഉടനീളം ബൂത്ത് തലത്തിൽ ശക്തമായ സംഘടനാ സംവിധാനം സൃഷ്ടിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും വേണുഗോപാൽ വ്യക്തമാക്കി.
കെ.പി.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തിൽ കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.