ബി.കെ ഹരിപ്രസാദ്, ഉമർ ഖാലിദ്
ബിജെപി നേതാക്കൾ ജഡ്ജിമാരല്ല, ബിജെപി ഓഫിസ് കോടതിയുമല്ല; ഉമർ ഖാലിദ് ദേശസ്നേഹി തന്നെയെന്ന് ബികെ ഹരിപ്രസാദ്
ബംഗളൂരു: ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ താൻ ദേശസ്നേഹി എന്ന് വിശേഷിപ്പിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കർണാടക കോൺഗ്രസ് (കെ.പി.സി.സി) അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ്. ഉമർ ഖാലിദിനെ ദേശവിരുദ്ധൻ എന്ന് മുദ്രകുത്താൻ ബി.ജെ.പിക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
2020 ഫെബ്രുവരിയിലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ 2020 സെപ്റ്റംബറിൽ അറസ്റ്റിലായതു മുതൽ കസ്റ്റഡിയിൽ കഴിയുന്ന ഉമർ ഖാലിദിനെക്കുറിച്ച് ഹരിപ്രസാദ് നടത്തിയ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘രാജ്യത്തിന്റെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ചട്ടക്കൂടിനുള്ളിൽ നിന്ന് കാണേണ്ട ഒരു വിഷയമാണിത്. ആരാണ് ഭരണഘടനയുടെ എതിരാളികൾ? ആരാണ് ദേശീയ പതാകയുടെ എതിരാളികൾ? ആരാണ് ദേശീയഗാനത്തിന്റെ എതിരാളികൾ?’ -ഹരിപ്രസാദ് ചോദിച്ചു.
ഞങ്ങളുടെ ഖാലിദ് ഭരണഘടനക്കോ ദേശീയ പതാകക്കോ എതിരായി ഒരിടത്തും സംസാരിച്ചിട്ടില്ല. ആറുവർഷത്തോളം നിയമവിരുദ്ധമായി ജയിലിൽ അടച്ചിട്ടിട്ടും അദ്ദേഹം നീതിന്യായ വ്യവസ്ഥക്കെതിരെ സംസാരിച്ചിട്ടില്ല. കോടതികളോട് അദ്ദേഹത്തിന് വലിയ ബഹുമാനമാണുള്ളത്. ഒരാൾ ദേശവിരുദ്ധനാണോ എന്ന് തീരുമാനിക്കാൻ ബി.ജെ.പി നേതാക്കൾ ജഡ്ജിമാരല്ലെന്നും അവരുടെ പാർട്ടി ഓഫിസ് കോടതിയല്ലെന്നും ഹരിപ്രസാദ് വിമർശിച്ചു.
ബി.ജെ.പി നൽകുന്ന സർട്ടിഫിക്കറ്റ് ഉമർ ഖാലിദിന് ആവശ്യമില്ല. ബി.ജെ.പിയുടെ നഡ്ഡയോ യെദ്യുരപ്പയോ മറ്റാരെങ്കിലുമോ ജഡ്ജിമാരല്ല. ബി.ജെ.പി ഓഫീസ് ഒരു കോടതിയുമല്ല. ഒരാൾ ദേശവിരുദ്ധനാണെന്ന് അവർ പറഞ്ഞാൽ, അത് തീരുമാനിക്കേണ്ടത് അവരാണോ അതോ കോടതിയാണോ? -കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ചോദിച്ചു.
ഉമർ ഖാലിദിനെ ദേശവിരുദ്ധനായി ചിത്രീകരിക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് ചോദിച്ച ഹരിപ്രസാദ്, അവരുടെ മാനദണ്ഡപ്രകാരം പോലും അദ്ദേഹത്തിനെതിരെ ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ കുറ്റപത്രം സമർപ്പിക്കാനോ കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞു. ഖാലിദിന്റെ ആറര വർഷത്തെ ‘നിയമവിരുദ്ധ തടവിനെ’ താനും മറ്റുള്ളവരും അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
തന്റെ പരാമർശത്തെ ദേശവിരുദ്ധം എന്ന് വിശേഷിപ്പിച്ച ബി.ജെ.പി നേതാവ് സി.ടി. രവിയെ ഹരിപ്രസാദ് കുറ്റപ്പെടുത്തി. ‘എല്ലാ ദേശവിരുദ്ധരും ഇതുപോലെയാണ് സംസാരിക്കുക’ എന്നാണ് ഇതിനോട് പ്രതികരിച്ചത്.
ബംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റിയിൽ ഉമർ ഖാലിദിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിടയിലാണ് ഹരിപ്രസാദിന്റെ ‘ദേശസ്നേഹി’ പരാമർശം ഉണ്ടായത്. ഡോക്യുമെന്ററി പ്രദർശനത്തെ എ.ബി.വി.പി എതിർത്തിരുന്നു. ഹരിപ്രസാദിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര രംഗത്തുവരികയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.