മംഗളൂരു: ഉഡുപ്പി ജില്ലയിൽ മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു.അഞ്ച് പ്രത്യേക പൊലീസ് സംഘങ്ങൾ ആരംഭിച്ച അന്വേഷണത്തിൽ ചൊവ്വാഴ്ച തുമ്പൊന്നും കിട്ടിയില്ല.കൊല നടന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ, പണം, വിലപിടിപ്പുള്ള സാധനങ്ങൾ ഒന്നും നഷ്ടമാവാത്തതിനാൽ അക്രമി കവർച്ച ഉന്നമിട്ടില്ലെന്ന് ഉറപ്പിക്കാനാവുമെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ.അരുൺ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് ആവർത്തിച്ച് പറഞ്ഞു. പക തീർക്കാൻ നടത്തിയ കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം എന്ന് എസ്.പി കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ(23),ഐനാസ്(21), അസീം (12) എന്നിവരാണ് ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിൽ കൊല്ലപ്പെട്ടത് .നൂർ മുഹമ്മദിന്റെ മാതാവ് ഹാജിറ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.ശുചിമുറിയിൽ കയറി അകത്തു നിന്ന് പൂട്ടിയാണ് ഇവർ അക്രമിയുടെ വാൾമുനയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോറിക്ഷയിൽ താനാണ് 45 തോന്നിക്കുന്ന അക്രമിയെ കൂട്ടക്കൊല നടന്ന നെജറു തൃപ്തി ലേഔട്ടിലെ ഹസീന റസിഡന്റ്സ് ഗേറ്റിൽ വിട്ടതെന്ന് ശാന്തെകട്ടെ സ്റ്റാന്റിലെ ഡ്രൈവർ ശ്യാം പൊലീസിന് മൊഴി നൽകിയിരുന്നു.15 മിനിറ്റിനകം തിരിച്ചെത്തിയ അക്രമി മറ്റൊരു റിക്ഷയിൽ തിടുക്കത്തിൽ സ്ഥലം വിട്ടു എന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.