1)വിമാനത്തിൽ പ്രഥമചികിത്സ നൽകുന്നു. 2) ഡോ. അഞ്ജലി
ബംഗളൂരു: ഗോവയിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ശനിയാഴ്ച സഞ്ചരിച്ച ഖാനാപൂരിൽനിന്നുള്ള മുൻ എം.എൽ.എയും എ.ഐ.സി.സി ഗോവ ഇൻചാർജുമായ ഡോ. അഞ്ജലി നിംബാൽക്കർ സഹയാത്രികയായ അമേരിക്കൻ വനിതയുടെ ജീവൻ രക്ഷിച്ചു. പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം കാലിഫോർണിയയിൽനിന്നുള്ള ജെന്നി എന്ന സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അവരുടെ രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞു, നാഡിമിടിപ്പ് നിലച്ച മട്ടായിരുന്നു.
ജെന്നി ബോധം നഷ്ടപ്പെട്ട് വിറക്കാൻ തുടങ്ങി. ഡോ. അഞ്ജലി അവർക്കരികിലെത്തി ഹൃദയസംബന്ധമായ സങ്കീർണതകൾക്കുള്ള ജീവൻ രക്ഷിക്കുന്ന പ്രഥമ ശുശ്രൂഷ കാർഡിയോപൾമോണറി റെസസിറ്റേഷൻ (സി.പി.ആർ) ഉടൻ നൽകി. ജെന്നി അൽപം സ്ഥിരത നേടി സീറ്റിലേക്ക് ചാഞ്ഞു, പക്ഷേ അരമണിക്കൂറിനുശേഷം അതേ ലക്ഷണങ്ങൾ ആവർത്തിച്ചു. ഡോ. അഞ്ജലി ജെന്നിക്കരികിൽതന്നെ നിലയുറപ്പിച്ചു. നിരന്തരം അടിയന്തര പരിചരണം നൽകി ജീവൻ രക്ഷിച്ചു.
വിമാനം ലാൻഡ് ചെയ്യാൻ തയാറായപ്പോൾ റൺവേയിൽ ആംബുലൻസ് കാത്തിരിക്കുന്നുണ്ടെന്ന് പൈലറ്റുമായി ബന്ധപ്പെട്ട് ഡോ. അഞ്ജലി ഉറപ്പുവരുത്തി. വിമാനത്താവളത്തിൽ എത്തിയ ഉടൻ ജെന്നിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 30,000 അടി ഉയരത്തിൽ ഡോ. അഞ്ജലിയുടെ സേവനം എടുത്തുകാണിച്ച് പലരും വിഡിയോ പങ്കുവെച്ചു, യാത്രക്കാരും എയർലൈൻ ജീവനക്കാരും അവരുടെ പ്രവൃത്തിയെ പ്രശംസിച്ചു.
‘ജെന്നി മരണത്തിന്റെ വക്കിലായിരുന്നു. ഒരു നിമിഷം, എനിക്കും ഭയം തോന്നി. പക്ഷേ അവരെ രക്ഷിക്കാൻ ആവശ്യമായതെല്ലാം ഞാൻ ചെയ്തു. അവർ കുറച്ച് സ്ഥിരത വീണ്ടെടുത്തപ്പോൾ ‘നീ ഒരു കാവൽ മാലാഖയെപ്പോലെയാണ് എന്റെ അടുക്കൽ വന്നതെന്ന്’ജെന്നി പറഞ്ഞതായും അഞ്ജലി പ്രതികരിച്ചു.
നിർജലീകരണം, ഭക്ഷണക്രമത്തിലെ പ്രശ്നങ്ങൾ, അല്ലെങ്കിൽ മരുന്നുകളുടെ പ്രതികരണങ്ങൾ എന്നിവ കാരണം ഇത്തരം അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകാം. ഉടനടി ചികിത്സയില്ലെങ്കിൽ, ഹൃദയം നിമിഷങ്ങൾക്കുള്ളിൽ നിലച്ചേക്കാം. വിമാനത്തിൽ മെഡിക്കൽ സൗകര്യങ്ങൾ ഉണ്ടെങ്കിലും ജീവൻ രക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. വിമാനങ്ങളിൽ കുറഞ്ഞത് അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങളെങ്കിലും ഉണ്ടായിരിക്കണം. ഒരു ഐവി സെറ്റ് പോലും വളരെ സഹായകരമാകും-അവർ കൂട്ടിച്ചേർത്തു.
ജെന്നിയുടെ അമ്മായി ന്യൂഡൽഹിയിൽ പ്രാക്ടീസ് ചെയ്യുന്ന വനിത സ്പെഷലിസ്റ്റ് ഡോക്ടറാണെന്നും യാദൃശ്ചികമായി അവരുടെ പേരും അഞ്ജലി ആണെന്നും ഡോ. അഞ്ജലി പറഞ്ഞു. “ഞങ്ങൾ ജെന്നിയെ ആംബുലൻസിൽ കയറ്റി ഡൽഹിയിലുള്ള അവരുടെ അമ്മായിയെ വിളിച്ചപ്പോൾ, എന്റെ ജോലി പൂർത്തിയായി എന്ന് എനിക്ക് മനസ്സിലായി,”-കോൺഗ്രസ് നേതാവിന്റെയുള്ളിലെ ആതുര സേവക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.