കുമാരസ്വാമി
ബംഗളൂരു: ബംഗളൂരു സൗത്ത് ജില്ലയിലെ ബിദഡിക്ക് സമീപം ഗ്രേറ്റർ ബംഗളൂരു ഇന്റഗ്രേറ്റഡ് ടൗൺഷിപ്പിനായി(ജി.ബി.ഐ.ടി) 500 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച കർണാടക സർക്കാറിന്റെ നീക്കത്തിനെതിരെ കുമാരസ്വാമി.
ബിദഡി മേഖലയിലെ ഗ്രാമങ്ങൾ നേരിട്ട് സന്ദർശിച്ച് നിർദ്ദിഷ്ട ടൗൺഷിപ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാറിന്റെ നീക്കത്തോട് ഭൂവുടമകള്‍ യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കുമാരസ്വാമി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ വെല്ലുവിളിച്ചു.
പ്രാദേശിക കർഷകരുടെ നിരന്തരമായ എതിർപ്പ് അവഗണിച്ചാണ് ഭൂമി ഏറ്റെടുക്കലിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള കോൺഗ്രസ് സർക്കാറിന്റെ നീക്കത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.
കർഷക വിരുദ്ധമാണ് നീക്കമെന്നും ഇതിനെതിരെ നിയമപോരാട്ടം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ദുരിതബാധിതരായ കർഷകർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അവരുടെ അവകാശങ്ങൾക്കായി പോരാടുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
രാമനഗര, ഹരോഹള്ളി താലൂക്കുകളിലെ മൂന്ന് ഗ്രാമങ്ങളിലായി 499 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ എ.ഐ-പവർഡ് ഇന്റര്‍ഗ്രേറ്റഡ് ടൗൺഷിപ്പാണ് ഇത്. മേഖലയിലെ ഒമ്പത് ഗ്രാമങ്ങളിലായി ഏകദേശം 7,481 ഏക്കർ ഭൂമി പദ്ധതിയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
470 ദിവസത്തിലേറെയായി കർഷകർ പ്രതിഷേധം നടത്തുമ്പോഴും അന്തിമ വിജ്ഞാപനവുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തെ കുമാരസ്വാമി ചോദ്യം ചെയ്തു. ഏറ്റെടുക്കുന്ന ഭൂമിയുടെ ഭൂരിഭാഗവും കാർഷിക ഭൂമിയാണ്.
ടൗൺഷിപ് പദ്ധതിയുടെ മറവിൽ റിയൽ എസ്റ്റേറ്റ് വികസനമാണ് സർക്കാറിന്റെ യഥാർത്ഥ ലക്ഷ്യം. ഭൂമി ഏറ്റെടുക്കലിനെ എതിർക്കുന്ന കർഷകര്‍ക്കെതിരെ പൊലീസ് കേസുകൾ ഫയൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള ഭീഷണികൾ നടത്തുന്നു. ഏകദേശം 80 ശതമനത്തിലധികം പ്രാദേശിക കർഷകരും പദ്ധതിയെ എതിർക്കുന്നു.
ടൗൺഷിപ് വികസനത്തിനായി മറ്റിടങ്ങളിൽ തരിശായി കിടക്കുന്നതും കാർഷികേതരവുമായ ഭൂമി ലഭ്യമാണ് എന്നിരിക്കെ ഫലഭൂയിഷ്ഠമായ കൃഷിഭൂമി എന്തിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചോദിച്ചു. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2006 ൽ ബിദഡിയിലേത് ഉൾപ്പെടെ അഞ്ച് ടൗൺഷിപ്പുകളുടെ വികസനം താൻ നിർദേശിച്ചിരുന്നു. കർഷകരുടെ ശക്തമായ എതിർപ്പിനെ തുടര്‍ന്ന് നിർദേശം പിൻവലിക്കുകയായിരുന്നുവെന്ന് കുമാരസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.