ബന്ദിപ്പൂർ വനത്തിലെ നീർത്തടാകം വീക്ഷിക്കുന്ന മന്ത്രി ഈശ്വർ ഖണ്ഡ്രെ

ബന്ദിപ്പൂരിലെ തടയണകളിൽ വേനലിൽ വെള്ളമെത്തിക്കാൻ നടപടി

ബംഗളൂരു: വേനൽക്കാലത്ത് ബന്ദിപ്പൂർ വനത്തിലെ തടയണകളിൽ ജല ലഭ്യതക്കുറവ് പരിഹരിക്കാൻ വനംമന്ത്രി ഈശവർ ഖണ്ഡ്രെ നിർദേശം നൽകി. മൃഗങ്ങൾ കൂടുതലായി എത്തുന്ന പ്രദേശങ്ങളിലെ പ്രധാന ജലാശയങ്ങളിൽ കുഴൽക്കിണറുകളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പമ്പ് സെറ്റുകൾ വഴി വെള്ളമെത്തിക്കാനാണ് മന്ത്രി നിർദേശം നൽകിയത്.

കഴിഞ്ഞദിവസം ബന്ദിപ്പൂരിലെ ഉദ്യോഗസ്ഥർക്കൊപ്പം മന്ത്രി വനത്തിൽ സഫാരി നടത്തിയിരുന്നു. ജലസംഭരണിയടക്കമുള്ള സംവിധാനങ്ങളുടെ സ്ഥിതി നേരിട്ടു ബോധ്യപ്പെട്ടതോടെയാണ് വേനലിലെ വരൾച്ച തടയാൻ പദ്ധതി ആസൂത്രണം ചെയ്തത്. കാട്ടിൽ വെള്ളം ലഭിക്കാതായാൽ വന്യ മൃഗങ്ങൾ സമീപ ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്നതാണ് പതിവ്. ഇത്തവണ മൺസൂണിൽ മഴ കുറഞ്ഞതിനാൽ വനത്തിലെ ജലസംഭരണികളിൽ നിരപ്പ് താഴ്ന്നിട്ടുണ്ട്. ഇതോടെയാണ് അടിയന്തരമായി കുഴൽക്കിണർ കുഴിച്ച് സോളാർ പമ്പ് സെറ്റ് വഴി ആവശ്യമായ സ്ഥലങ്ങളിൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുന്നത്.

ആനകൾ ആക്രമിക്കാതിരിക്കാൻ സോളാർ പാനലുകൾക്ക് ചുറ്റും റെയിൽ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും കിണറുകളിലെ ജലസംഭരണിയുടെ നിരപ്പ് നിരന്തരം നിരീക്ഷിക്കണമെന്നും മന്ത്രി നിർദേശിച്ചു.

സാധാരണയായി, ജനുവരി അവസാനം മുതൽ ഏപ്രിൽ പകുതി വരെ കാട്ടുതീ ഭീഷണിയുള്ളതിനാൽ വനത്തിൽ ജാഗ്രത പാലിക്കാനും വൻതോതിൽ ഫോറസ്റ്റ് ഫയർ വാച്ചർമാരെ വിന്യസിക്കാനും അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആദിവാസികൾ കാട്ടുതീ നിയന്ത്രണത്തിൽ പരമ്പരാഗതമായി വൈദഗ്ധ്യമുള്ളവരാണെന്നും ഇവരുടെ സേവനം പൂർണമായും പ്രയോജനപ്പെടുത്തണമെന്നും മനഃപൂർവം വനത്തിന് തീയിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വനത്തിലെ വിലപിടിപ്പുള്ള മരങ്ങൾ മോഷണം പോകുന്നത് തടയാനും വന്യമൃഗങ്ങളെ വേട്ടയാടുന്നത് തടയാനും വനത്തിനുള്ളിൽ നിർമിച്ച ആന്‍റി പോച്ചിങ് ക്യാമ്പുകൾ മന്ത്രി സന്ദർശിച്ചു. കാട്ടിൽ പടർന്ന് പിടിക്കുന്ന ലാന്തന ശല്യം ഇല്ലാതാക്കാനും കാടിനെ രക്ഷിക്കാനും തൊഴിലുറപ്പ് പദ്ധതിയുടെ സഹായം ലഭ്യമാക്കുന്നതിനും പ്രശ്‌നത്തിന് പരിഹാരത്തിനായി പ്രദേശത്തെ ആദിവാസികളുടെ സഹായം തേടാനും മന്ത്രി നിർദേശം നൽകി.

Tags:    
News Summary - Forest Minister Safari in Bandipur forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.