ബംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേ കെ.എസ്.ആർ ബംഗളൂരു-കാർവാർ പഞ്ചഗംഗ എക്സ്പ്രസിൽ (16595/596) അഞ്ച് കോച്ചുകൾ താൽക്കാലികമായി ബുധനാഴ്ച മുതൽ വർധിപ്പിച്ചു.
പഞ്ചഗംഗ എക്സ്പ്രസ് 14 എൽ.എച്ച്.ബി കോച്ചുകളുമായാണ് ഓടുന്നത് - ഒരു ഫസ്റ്റ് എ.സി-കം-ടു ടയർ എ.സി, ഒരു ടു-ടയർ എ.സി, ഒരു ത്രി-ടയർ എ.സി, ഏഴ് സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, ഒരു ലഗേജ്-കം-ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കാർ കോച്ചുകൾ എന്നിവ.
രണ്ട് ത്രി-ടയർ എ.സി ഇക്കണോമി, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, ഒരു സ്ലീപ്പർ ക്ലാസ് കോച്ചുകൾ എന്നിവയാണ് കൂട്ടിയത്. ഇതോടെ ആകെ കോച്ചുകളുടെ എണ്ണം 19 ആയി ഉയരും.
പകൽ മഴ തുടരുന്ന സമയത്ത് കാർവാറിനും ബംഗളൂരുവിനും ഇടയിൽ രാത്രി സർവിസ് കൂടി വേണമെന്ന് ഉഡുപ്പി-ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ് പൂജാരിയും കുംത എം.എൽ.എ ദിനകർ ഷെട്ടിയും ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
കഴിഞ്ഞ മാസം 31 മുതൽ 154 ദിവസത്തേക്ക് ഗോമതേശ്വര എക്സ്പ്രസ്, യശ്വന്ത്പൂർ-കാർവാർ ട്രൈ-വീക്ക്ലി എക്സ്പ്രസ് സർവിസുകൾ റദ്ദാക്കിയിരുന്നു. കോച്ച് വർധിപ്പിക്കുന്നതിലൂടെ 400 സീറ്റുകൾ അധികമാകും. വൈകീട്ട് 6.50 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 8.25 ന് കാർവാറിൽ എത്തുകയും വൈകീട്ട് ആറിന് കാർവാറിൽ നിന്ന് പുറപ്പെട്ട് രാവിലെ ഏഴിന് ബംഗളൂരുവിൽ എത്തുകയും ചെയ്യുന്നതാണ് പഞ്ചഗംഗ എക്സ്പ്രസ് സർവിസ്.
നിലവിൽ ട്രെയിനുകൾ കടന്നുപോകുന്ന ചുരം സെക്ഷനിലെ സിരിബാഗിലു സ്റ്റേഷനിൽ 15 ൽ കൂടുതൽ കോച്ചുകളുള്ള ട്രെയിനുകൾ ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ, കോച്ച് വർധനവിന് ശേഷം 16595/596 ട്രെയിനുകളുടെ ക്രോസിങ് സുബ്രഹ്മണ്യ റോഡ് സ്റ്റേഷനിൽ നടക്കും. ക്രോസിങ് മാറ്റിയത് കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ (16511) രാത്രികാല എക്സ്പ്രസിന്റെ ഓട്ടത്തെ ബാധിക്കരുതെന്ന് ദക്ഷിണ കന്നടയിലെ യാത്രക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.