സമീർ അഹമ്മദ് ഖാൻ
ബംഗളൂരു: സമീർ അഹമ്മദ് ഖാൻ ഉൾപ്പെട്ട സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഡിയോ ക്ലിപ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് കെട്ടിച്ചമച്ചതാണെന്നും മുൻ കർണാടക മന്ത്രി ബി.ഇസഡ് സമീർ അഹമ്മദ് ഖാനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും ആരോപിച്ച് വെള്ളിയാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
മന്ത്രിയുടെ പ്രതിച്ഛായ തകർക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് വിഡിയോ സൃഷ്ടിച്ച് പ്രചരിപ്പിച്ചതെന്ന് ദാവന്‍ഗരെ സ്വദേശിയായ സിറാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദാവൻഗരെ ജില്ലയിലെ സൈബർ, ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്‍റ് മുഹമ്മദ് സിറാജും സമീർ അഹമ്മദ് ഖാനും ദാവൻഗരെ സൗത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ച് ഇരുവരും ഉർദുവിൽ സംസാരിക്കുന്നതാണ് ഓഡിയോ ക്ലിപ്പില്‍. പോളിങ് ദിവസമായ ഏപ്രിൽ ഒമ്പതിന് റെക്കോഡ് ചെയ്തതായി പറയപ്പെടുന്ന ഓഡിയോ സംഭാഷണം ജൂൺ ഒന്നിന് kannadacockroachഎന്ന എക്സ് അക്കൗണ്ട് വഴിയാണ് പങ്കുവെച്ചതെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നു.
ഓഡിയോ വ്യാജമാണെന്നും എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണെന്നും ഖാന്‍ വിഷയത്തില്‍ പ്രതികരിച്ചു. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഉള്ളടക്കത്തില്‍ കൃത്രിമം കാണിച്ചതാണെന്നും പരാതിക്കാരൻ ആരോപിച്ചു.
വിഡിയോ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പങ്കിടുകയും മന്ത്രിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുകയും പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു.
സിറാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.ടി. ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം അജ്ഞാതരായ വ്യക്തികൾക്കെതിരെ വ്യാജരേഖ ചമക്കൽ, വഞ്ചന, ഇലക്ട്രോണിക് രേഖകൾ നിർമിക്കൽ എന്നീ കുറ്റങ്ങൾക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിഡിയോയുടെ ഉത്ഭവം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ആവശ്യമായ എല്ലാ തെളിവുകളും ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.