കുമാരസ്വാമി
ബംഗളൂരു: മുൻ പ്രധാനമന്ത്രി അന്തരിച്ച ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ത്യയുടെ ആത്മാവിനു നേരെയുണ്ടായ ആദ്യത്തെ ആക്രമണമാണെന്ന് കേന്ദ്ര ഘന വ്യവസായ, ഉരുക്ക് മന്ത്രി എച്ച്.ഡി കുമാരസ്വാമി ബുധനാഴ്ച പറഞ്ഞു. സമൂഹ മാധ്യമം ‘എക്സി’ലാണ് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.
‘‘അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾക്ക് 50 വർഷങ്ങൾ തികയുന്നു. ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ആദ്യത്തെ ആക്രമണവും ജനാധിപത്യത്തിനു നേരെയുള്ള ക്രൂരമായ അടിച്ചമർത്തലുമാണ് ഇത് അടയാളപ്പെടുത്തിയത്. ആ ദേശവിരുദ്ധ പ്രവൃത്തി നടന്നിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ വിത്തുകൾ ഒരു മഹത്തായ ജനാധിപത്യ വൃക്ഷത്തിന്റെ ഫലം കായ്ക്കാൻ തുടങ്ങിയ സമയത്ത്, അന്നത്തെ പ്രധാനമന്ത്രി ജനവിരുദ്ധ തീരുമാനത്തിലൂടെ ഭരണഘടനയിൽ ഒരു വിനാശകരമായ വളച്ചൊടിക്കൽ കൊണ്ടുവന്നു. അന്ന് രാജ്യം അതിനെ അപലപിച്ചു - ഇന്നും അത് അപലപിക്കേണ്ടതുണ്ട്’’ -കുമാരസ്വാമി പറഞ്ഞു.
1975 ജൂൺ 25ന് ജനാധിപത്യവും എല്ലാ ഇന്ത്യക്കാരുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും തകർന്നു. മുൻ പ്രധാനമന്ത്രി അന്തരിച്ച ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഇന്ത്യയുടെ മഹത്തായ ചരിത്രത്തിൽ ഒരു കറുത്ത മുദ്ര പതിപ്പിച്ചു.
‘‘ജനാധിപത്യം എന്നാൽ ജനങ്ങളുടെ ഭരണം എന്നാണ്. അത് സ്വയംഭരണത്തിന്റെ അതുല്യമായ തത്ത്വമാണ്. അത്തരമൊരു ഉദാത്തമായ ആദർശം ഇനി ഒരിക്കലും ലംഘിക്കപ്പെടരുത്. ജനാധിപത്യം വെറുമൊരു വ്യവസ്ഥയല്ല, മറിച്ച് അതൊരു മൂല്യമാണ്. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും നമുക്കെല്ലാവർക്കും പ്രതിജ്ഞയെടുക്കാം- കുമാരസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.