ബംഗളൂരു: ആനക്കൊമ്പുകൾ, മാൻകൊമ്പുകൾ, ഇരുതലമൂരി എന്നിവയെ വിൽക്കാനുള്ള ശ്രമത്തിനിടെ അഞ്ചംഗസംഘത്തെ ബംഗളൂരു സിറ്റി പൊലീസ് പിടികൂടി. വിവിധ കേസുകളിലായി കെ.എം. ശേഖർ, റെയ്മണ്ട്, ചന്ദ്രശേഖർ, രംഗസ്വാമി, ലോകേഷ് എന്നിവരാണ് പിടിയിലായത്.
വ്യാലികവാൽ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വാർത്തസമ്മേളനത്തിൽ സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദാണ് ഇക്കാര്യം അറിയിച്ചത്.
കനകപുര സ്വദേശിയായ റെയ്മണ്ട്, നാഗമാല സ്വദേശി ശേഖർ എന്നിവരെ മാൻകൊമ്പുമായാണ് പിടിച്ചത്. 12 ലക്ഷം രൂപയുടെ മാൻകൊമ്പുകളാണ് ഇവരിൽനിന്ന് പിടിച്ചത്. മാനുകളെ വേട്ടയാടിക്കൊന്ന ഇവർ ഇറച്ചി ഉപയോഗിക്കുകയും പിന്നീട് കൊമ്പുകൾ ഊരിയെടുത്ത് വിൽക്കാൻ ശ്രമിക്കുകയുമായിരുന്നു. ഒരു ലക്ഷം രൂപക്കാണ് ഓരോ മാൻകൊമ്പും വിൽക്കാൻ ശ്രമിച്ചത്. മൈസൂരു സ്വദേശിയായ ചന്ദ്രശേഖർ രണ്ട് ഇരുതലമൂരികളുമായാണ് പിടിയിലായത്. ഇവക്ക് പത്തുലക്ഷം രൂപ വിലമതിക്കും. കുനിഗൽ ഷെട്ടിബീദു സ്വദേശിയായ രംഗസ്വാമി, കനകപുര സ്വദേശി ലോകേഷ് എന്നിവരെ ആനക്കൊമ്പുകളുമായാണ് പിടിച്ചത്. അഞ്ചുലക്ഷം രൂപ വിലയുള്ള കൊമ്പുകൾ ഇവരിൽനിന്ന് പിടിച്ചു.
കുറ്റകൃത്യത്തിൽ വൻസംഘങ്ങൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.