മൈസൂരു-ചാമരാജ് നഗർ പാതയിൽ ഇലക്ട്രിക് ട്രെയിനുകൾ ഉടൻ

ബംഗളൂരു: മൈസൂരു-ചാമരാജ് നഗർ പാതയിൽ ഇലക്ട്രിക് ട്രെയിനുകൾ ഉടൻ ആരംഭിക്കുമെന്ന് മൈസൂരു ഡിവിഷനൽ മാനേജർ (ഡി.ആർ.എം) മുദിത് മിതൽ പറഞ്ഞു. മൈസൂരു വിമാനത്താവളത്തിനടുത്ത് മന്ദകള്ളിയിൽ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന റെയിൽവേ വൈദ്യുതീകരണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായും രണ്ടാഴ്ചക്കകം പണി പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

മൈസൂരു-ചാമരാജ് നഗർ പാതയിലെ വൈദ്യുതീകരണം പുരോഗമിക്കുകയാണ്. എയർപോർട്ട് അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാൽ വിമാനത്താവളത്തിന് സമീപം 1.5 കിലോമീറ്റർ നീളമുള്ള പാതയുടെ പണി മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനുകൾ വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാൻഡിങ്ങിനും തടസ്സമാകുമെന്നതിനാൽ ജോലികൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

സാങ്കേതിക മാറ്റങ്ങൾ വരുത്തിയതോടെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) അനുവദിച്ചു. തുടർന്ന് റൺവേക്ക് പിറകിലുള്ള ഭാഗത്തെ പണികൾ പുനരാരംഭിച്ചു. രണ്ടാഴ്ചക്കകം വൈദ്യുതി ലൈൻ സ്ഥാപിക്കൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പൂർത്തിയായാൽ മൈസൂരുവിനും ചാമരാജനഗറിനും ഇടയിൽ വൈദ്യുത ട്രെയിൻ സർവിസുകൾ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലോടുന്ന ട്രെയിനുകൾ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ട്രെയിനുകൾ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ ഓടും. വൈദ്യുതീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. പദ്ധതിയുടെ മൊത്തം ചെലവ് 395.73 കോടി രൂപയായി കണക്കാക്കിയിട്ടുണ്ട്.

Tags:    
News Summary - Electric trains on Mysore-Chamarajanagar route soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.