കേരളസമാജം ദൂരവാണിനഗർ ഇടശ്ശേരിയുടെ അമ്പതാം ചരമവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രശസ്ത കവിയും വാഗ്മിയുമായ പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു
ബംഗളൂരു: ഇടശ്ശേരിയുടെ ‘കുടിയിറക്കൽ’ എന്ന കവിത പൊന്നാനിയുടെയും മലയാളത്തിന്റെയും കവിതയായിരിക്കെത്തന്നെ ലോക കവിതയായി മാറിയിട്ടുണ്ടെന്നും ജന്മിത്തം കുടിയിറക്കുന്നതിനെ ലോകത്തെങ്ങും ഭ്രഷ്ടരാകുന്നവരുടെ സമാനതയിലേക്ക് ഉയർത്താൻ കഴിഞ്ഞു എന്നതാണ് ഇടശ്ശേരിയെ കവിയാക്കുന്നതെന്നും പ്രശസ്ത കവിയും വാഗ്മിയുമായ പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു.
കേരളസമാജം ദൂരവാണിനഗർ ഇടശ്ശേരിയുടെ അമ്പതാം ചരമവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ‘ഇടശ്ശേരി കവിതകളുടെ പശ്ചാത്തലത്തിൽ കവിതയുടെ വർത്തമാനം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കുടിയിറക്കപ്പെടുന്ന മനുഷ്യരെയും ലോകത്തെങ്ങും ഭ്രഷ്ട്രരാവുകയും കാലുവെക്കാൻ ഒരു തരി മണ്ണില്ലാതിരിക്കുകയും ചെയ്യുന്ന മനുഷ്യരെയും ബന്ധപ്പെടുത്തി എഴുതിയ കവിതയിൽ എല്ലാ അഭയാർഥികളുടെ വേദനകളും അടങ്ങിയിട്ടുണ്ട്.
ഐലാൻ കുർദിമാരെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതാണ് ഈ കവിത. ‘കുടിയറക്കൽ’ എന്ന കവിത അതിരുകളില്ലാത്ത മാനവികതയുടെ ലോകത്തെക്കുറിച്ചാണ് പറയുന്നത്. കുമാരനാശാൻ കവിതകൾ പോലെ രണ്ടാം വായന അർഹിക്കുന്ന കവിതകളാണ് വൈലോപ്പിള്ളിയുടേതും ഇടശ്ശേരിയുടേതുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബംഗളൂരുവിലെ എഴുത്തുകാരുടെ കവിതകൾ ഗോപീകൃഷ്ണൻ വിലയിരുത്തി. പരിപാടിയിൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു.
സാഹിത്യ വിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ ആമുഖ പ്രഭാഷണം നടത്തി. ഇന്ദിരാ ബാലൻ, ഭാഗ്യലക്ഷ്മി, കൃഷ്ണമ്മ മോഹൻ, രതി സുരേഷ്, മേധ എസ്, സൗദാ റഹ്മാൻ, ഓമന രജേന്ദ്രൻ, സംഗീത ശരത്, സുമ മോഹൻ, ഡോഷി മുത്തു, സംഗീത രാമചന്ദ്രൻ, സരസ്വതി രവീന്ദ്രൻ എന്നിവർ ഇടശ്ശേരി കവിതകൾ ആലപിച്ചു.
ഭാഷാ പ്രവർത്തക സുഷമ ശങ്കർ, സംവിധായകൻ മണിലാൽ, ആർ.വി. ആചാരി, കെ. ചന്ദ്രശേഖരൻ നായർ, ഡോ. രാജൻ, കെ.ആർ. കിഷോർ, വി.കെ. സുരേന്ദ്രൻ, പി. ഗീത എന്നിവർ സംസാരിച്ചു. എജുക്കേഷനൽ സെക്രട്ടറി കെ. ചന്ദ്രശേഖരക്കുറുപ്പ്, സോണൽ സെക്രട്ടറി എസ്. വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.