കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കായികമത്സരത്തിൽ പങ്കെടുത്തവർ
മംഗളൂരു: നഗരത്തിലെ മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള സുപ്രധാന ഓപറേഷനിൽ മംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) യൂനിറ്റ് ഞായറാഴ്ചയും തിങ്കളാഴ്ചയും നടത്തിയ തുടർച്ചയായ റെയ്ഡുകളെ തുടർന്ന് ആറുപേരെ അറസ്റ്റ് ചെയ്തു. 24 ലക്ഷം രൂപയിലധികം വിലമതിക്കുന്ന മെത്തിലീൻഡയോക്സിമെത്താം ഫെറ്റാമൈനും (എം.ഡി.എം.എ) കൊക്കെയ്നും പിടിച്ചെടുത്തു.
കാവൂർ ഗാന്ധിനഗർ സ്വദേശി ചിരാഗ് സുനിൽ (49), അശോക് നഗറിൽനിന്നുള്ള ആൽവിൻ ക്ലിന്റൺ ഡിസൂസ (39) മലപ്പുറം സ്വദേശി ഇ.കെ. അബ്ദുൽ കരീം (52), മംഗളൂരു കുലശേഖര സ്വദേശി ജനൻ ജഗന്നാഥ് (28), മംഗളൂരു ബോളുരു പരപ്പു സ്വദേശി രാജേഷ് ബംഗേര (30), മംഗളൂരു അശോക് നഗർ സ്വദേശി വരുൺ ഗനിഗ (28) എന്നിവരാണ് അറസ്റ്റിലായത്.
കാവൂരിലെ ഗാന്ധിനഗറിലെ മല്ലി ലേഔട്ടിൽ നടത്തിയ ആദ്യ റെയ്ഡിൽ ചിരാഗ് സനിലിനെയും ആൽവിൻ ക്ലിന്റൺ ഡിസൂസയെയും അറസ്റ്റ് ചെയ്തു. ഈ ഓപറേഷനിൽ 22.3ലക്ഷം രൂപ വിലമതിക്കുന്ന 111.83 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. മുംബൈ ആസ്ഥാനമായുള്ള ആഫ്രിക്കൻ പൗരനായ ബെഞ്ചമിൽനിന്ന് ചിരാഗ് സനിൽ എം.ഡി.എം.എ വാങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ കേരളത്തിൽ താമസിക്കുന്ന അബ്ദുൽ കരീം ഇ.കെ എന്നയാളാണ് അനധികൃത ഇടപാടിന് സാമ്പത്തിക സഹായം നൽകിയതെന്ന് കണ്ടെത്തി. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം കരീമിനെ അറസ്റ്റ് ചെയ്തു.
ഈ അറസ്റ്റുകളെത്തുടർന്ന്, കൊക്കെയ്ൻ വിതരണത്തിൽ സംഘത്തിന് പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് മന്നഗുഡ്ഡയിലെ സെൻട്രൽ വെയർഹൗസിന് സമീപം പൊലീസ് റെയ്ഡ് നടത്തി. ഈ ഓപറേഷനിൽ ജനൻ ജഗന്നാഥ്, രാജേഷ് ബംഗേര, വരുൺ ഗാനിഗ എന്നിവരെ അറസ്റ്റ് ചെയ്യുകയും 1.9 ലക്ഷം രൂപ വിലമതിക്കുന്ന 21.03 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുക്കുകയും ചെയ്തു.കാവൂർ, ബാർക്കെ പൊലീസ് സ്റ്റേഷനുകളിൽ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ആറ് പ്രതികൾക്കെതിരെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.