നമ്മ മെട്രോ മഞ്ഞ ലൈനിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം
ബംഗളൂരു: നമ്മ മെട്രോ മഞ്ഞ ലൈനിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയം. റെയിൽവേ സുരക്ഷാ കമീഷണർമാരും ദക്ഷിണമേഖലയിൽ നിന്നുള്ള വിദഗ്ധരും അടങ്ങുന്ന സംഘമാണ് പരീക്ഷണങ്ങൾ നടത്തിയത്. ഡ്രൈവറില്ലാ മെട്രോ ട്രെയിനിന്റെ വിജയകരമായ പരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ മെട്രോ മാനേജ്മെന്റ് ബോർഡ് ‘എക്സി’ൽ പങ്കിട്ടു. ഡ്രൈവറില്ലാ മെട്രോയുടെ പ്രവർത്തനത്തിന് റെയിൽവേ മന്ത്രാലയത്തിൽനിന്ന് അനുമതി നേടുന്നതിനുള്ള ആദ്യപടിയാണിതെന്ന് ബോർഡ് പറഞ്ഞു.
മെട്രോയുടെ മഞ്ഞ ലൈനിൽ ആർ.വി റോഡിനും ബൊമ്മസാന്ദ്ര സ്റ്റേഷനുകൾക്കുമിടയിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ഓടിച്ച് പരിശോധിച്ചു. റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ച ശേഷം മഞ്ഞ ലൈൻ സിഗ്നലിങ് സംവിധാനത്തിനായി റോളിങ് സ്റ്റോക്ക്/ട്രെയിൻ പരിശോധിക്കും. തുടർന്ന് മെട്രോ റൂട്ടിലെ റീച്ച്-അഞ്ചിലെ മഞ്ഞ ലൈനിൽ സമഗ്രമായ പരിശോധനക്കായി റെയിൽവേ സുരക്ഷാ കമീഷണറെയും ഇൻസ്പെക്ടർമാരുടെ സംഘത്തെയും ക്ഷണിക്കും. ഈ സംഘം പരിശോധന വിജയകരമായി പൂർത്തിയാക്കിയ ശേഷം റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കുന്നതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിൻ യെല്ലോ ലൈനിൽ സർവിസ് ആരംഭിക്കും.
ചൈന റെയിൽവേ റോളിങ് സ്റ്റോക്ക് കോർപറേഷനാണ് ഡ്രൈവറില്ല മെട്രോ ട്രെയിനുകൾ വിതരണം ചെയ്തത്. ചൈന റെയിൽവേ റോളിങ് സ്റ്റോക്ക് കോർപറേഷൻ കമ്പനിയിൽനിന്നുള്ള പുതിയ ട്രെയിനുകൾക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതിനുമുമ്പ് ഈ പരിശോധന നിർബന്ധമാണെന്ന് റെയിൽവേ സുരക്ഷാ കമീഷണർ എ.എം. ചൗധരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.