മംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളെയും യുവതികളെയും കുഴിച്ചുമൂടിയ ഭീകരത വെളിപ്പെടുത്തിയ മുൻ ശുചീകരണ ജീവനക്കാരനായ ദലിതനെ ഉന്നമിട്ട് പ്രചാരണം.
ശവങ്ങൾ കുഴിച്ചെടുക്കൽ പ്രക്രിയ പൂർത്തിയാകുന്നതോടെ അയാൾ ഒളിവിൽ പോയേക്കുമെന്ന പ്രാദേശിക പ്രചാരണം ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ കുമാറിന്റെ ശ്രദ്ധയിലും എത്തി.
ഇതേത്തുടർന്ന് എസ്.പി വാർത്തക്കുറിപ്പിറക്കി. ‘‘മൃതദേഹം പുറത്തെടുക്കൽ പൂർത്തിയായ ഉടൻ പരാതിക്കാരൻ ഒളിവിൽ പോയേക്കാമെന്ന് സൂചിപ്പിക്കുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഈ വിവരങ്ങൾ പരാതിക്കാരന്റെ നിയമോപദേശകനുമായി പങ്കിട്ടിട്ടുണ്ട്. നിലവിൽ സാധ്യത പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യമായ അന്വേഷണ നടപടിക്രമങ്ങളില്ലാതെ മൃതദേഹം പുറത്തെടുക്കാൻ തിടുക്കത്തിൽ ശ്രമിച്ചതായി മാധ്യമങ്ങളിൽ വന്ന ചില റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്.
ആവശ്യമായ എല്ലാ നിയമനടപടിക്രമങ്ങളും പൂർത്തിയാക്കാതെയും അന്വേഷണപരമായ പ്രസക്തി വിലയിരുത്താതെയും ഒരു കുഴിയെടുക്കലും നടത്തില്ല’’. എസ്.പി പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയെക്കുറിച്ച് അന്വേഷണ സംഘം അടുത്തിടെ അറിഞ്ഞുവെന്നും എന്നാൽ പരാതിക്കാരന്റെ നിയമ പ്രതിനിധികൾ ഈ വിഷയം അന്വേഷണ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നും ഡോ. അരുൺ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.