അനുപമ ഷേണായി
മംഗളൂരു: ധർമസ്ഥല കൊലപാതകങ്ങൾ അന്വേഷിക്കുന്ന എസ്.ഐ.ടിയുടെ തലവൻ ഡി.ജി.പി പ്രണബ് മൊഹന്തിയെ മാറ്റണമെന്ന് മുൻ ഡിവൈ.എസ്.പി അനുപമ ഷേണായി. പകരം ഡോ. കെ. രാമചന്ദ്ര റാവു, ദയാനന്ദ തുടങ്ങിയ ഐ.പി.എസ് ഉദ്യോഗസ്ഥരിലാരെയെങ്കിലും നിയമിക്കണമെന്നും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രണബിന് രണ്ട് ബി.ഇ ബിരുദങ്ങളും കമ്പ്യൂട്ടർ സയൻസിൽ എം.എസും പിഎച്ച്.ഡിയും ഉണ്ട്. കൂടാതെ സർട്ടിഫൈഡ് ഫോറൻസിക് കമ്പ്യൂട്ടർ എക്സാമിനറുമാണ്.
ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിലല്ല, സൈബർ കുറ്റകൃത്യത്തിലാണ് അദ്ദേഹത്തിന്റെ വൈദഗ്ധ്യം എന്നാണ് ഈ യോഗ്യതകൾ വ്യക്തമാക്കുന്നത്. ഈ കേസിൽ അദ്ദേഹത്തിന്റെ അയോഗ്യതയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ പോലും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.മന്ത്രി കെ.ജെ. ജോർജിൽനിന്ന് വലിയ രാഷ്ട്രീയ സമ്മർദം നേരിട്ടതായി ആരോപിച്ച് ഡിവൈ.എസ്.പി എം.കെ. ഗണപതി ആത്മഹത്യ ചെയ്ത സംഭവം അവർ ഓർമിപ്പിച്ചു. ആത്മഹത്യക്ക് മുമ്പ് ജോർജ്, ഐ.പി.എസ് ഉദ്യോഗസ്ഥരായ എ.എം പുസാദ്, പ്രണബ് മൊഹന്തി എന്നിവരുടെ പേരുകൾ ഗണപതി പരാമർശിച്ചിരുന്നു.
അതുകൊണ്ട് മൊഹന്തിയെ എസ്.ഐ.ടി മേധാവിയായി നിയമിച്ചതിൽ കെ.ജെ. ജോർജിന് പങ്കുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ശക്തമായ സംശയമുണ്ട്. പൊലീസ് സേനയുടെ വികാരങ്ങളെ സർക്കാർ മാനിക്കുകയും മൊഹന്തിയുടെ നിയമനം ഉടൻ റദ്ദാക്കുകയും അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപിക്കുകയും വേണം -ഷേണായി ആവശ്യപ്പെട്ടു.
കർണാടകയിലെ മുൻ കോൺഗ്രസ് ഭരണത്തിൽ 2016 സെപ്റ്റംബർ 16ന് ബല്ലാരി ജില്ലയിലെ കുഡ്ലിഗി സബ് ഡിവിഷൻ ഡിവൈ.എസ്.പിയായിരിക്കെ രാജിവെച്ചയാളാണ് അനുപമ ഷേണായി. അംബേദ്കർ കേന്ദ്രത്തിലേക്കുള്ള വഴിയടച്ച് മദ്യശാല നിർമിക്കുന്നതിനെതിരെ ദലിത് യുവാക്കൾ അനുപമക്ക് പരാതി നൽകിയിരുന്നു. കേസെടുത്തതിലുള്ള നീരസം അറിയിച്ച് ബല്ലാരി ജില്ല ചുമതലയുണ്ടായിരുന്ന അന്നത്തെ തൊഴിൽ മന്ത്രി പി.ടി. പരമേശ്വർ നായിക്ക് അനുപമയെ വിളിച്ചു.
മന്ത്രിയുടെ കേസിലുള്ള ഇടപെടൽ ഇഷ്ടപ്പെടാതിരുന്ന ഡിവൈ.എസ്.പി സംസാരിക്കാൻ വിമുഖത കാട്ടി. നഗരസഭ കൗൺസിലർ കുമാർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുതിർന്ന ഓഫിസർമാരുടെ ശാസനക്ക് പിന്നാലെ സ്ഥലംമാറ്റുകയും ചെയ്തു. ജില്ല പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ മന്ത്രിയുടെ പക്ഷം നിന്നതോടെ രാജിവെക്കുകയായിരുന്നു അനുപമ ഷേണായി. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ‘ഭാരതീയ ജനശക്തി’ പാർട്ടിയുണ്ടാക്കി മത്സരിക്കുകയും വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തുകയും ചെയ്തെങ്കിലും ശ്രദ്ധേയ വോട്ടുകൾ നേടാനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.