മംഗളൂരു: മുംബൈ, അഹ്മദാബാദ് തുടങ്ങിയ സാമ്പത്തിക കേന്ദ്രങ്ങളെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 ജില്ലകളുടെ പട്ടികയിൽ ദക്ഷിണ കന്നഡ ഇടം നേടി. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ 2024-25ലെ സാമ്പത്തിക സർവേയിൽ സാമ്പത്തിക വർഷത്തിൽ 6.69 ലക്ഷം രൂപ പ്രതിശീർഷ ജി.ഡി.പിയുമായി തീരദേശ കർണാടക ജില്ല എട്ടാം സ്ഥാനത്താണ്.
വൈവിധ്യമാർന്നതും സന്തുലിതവുമായ സമ്പദ്വ്യവസ്ഥയാണ് ജില്ലയുടെ വളർച്ചക്ക് കാരണമെന്ന് റിപ്പോർട്ട് പറയുന്നു. ന്യൂ മംഗളൂരു തുറമുഖം പെട്രോളിയം, ഇരുമ്പയിര്, വളങ്ങൾ, കണ്ടെയ്നർ കാർഗോ എന്നിവയിൽ വലിയ തോതിലുള്ള വാണിജ്യം നയിക്കുന്നു. പ്രശസ്ത മെഡിക്കൽ, എൻജിനീയറിങ്, മാനേജ്മെന്റ് സ്ഥാപനങ്ങൾ ഇന്ത്യയിലുടനീളവും വിദേശത്തുമുള്ള വിദ്യാർഥികളെ ആകർഷിക്കുകയും അറിവ് അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.
കനറാ ബാങ്ക്, കോർപറേഷൻ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയുടെ ജന്മസ്ഥലമായ ഈ ജില്ലക്ക് ആഴത്തിൽ വേരൂന്നിയ ഒരു സാമ്പത്തിക സംസ്കാരമുണ്ട്. സമുദ്ര കയറ്റുമതി, കശുവണ്ടി സംസ്കരണം, കാപ്പി, അടക്ക തുടങ്ങിയ തോട്ടവിളകൾ ഗ്രാമീണ അഭിവൃദ്ധി നിലനിർത്തുന്നു. മംഗളൂരുവിലെ ഐ.ടി പാർക്കുകൾ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ സ്ഥിരമായി ഇന്ധനമാക്കുന്നു.... എന്നിങ്ങനെ പോകുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. രംഗറെഡ്ഡി, തെലങ്കാന - 11.46 ലക്ഷം (ഐ.ടി, ഫാർമ, ടെക് പാർക്കുകൾ)
ഗുഡ്ഗാവ്, ഹരിയാന - 9.05 ലക്ഷം (കോർപറേറ്റുകൾ, ബഹുരാഷ്ട്ര കമ്പനികൾ, റിയൽ എസ്റ്റേറ്റ്) ബംഗളൂരു അർബൻ, കർണാടക - 8.93 ലക്ഷം (ഐ.ടി കയറ്റുമതി, ഗവേഷണ വികസനം) ഗൗതം ബുദ്ധ നഗർ (നോയിഡ), യു.പി - 8.48 ലക്ഷം (ഐ.ടി, നിർമാണം, റിയൽ എസ്റ്റേറ്റ്) സോളൻ, ഹിമാചൽ പ്രദേശ് - 8.10 ലക്ഷം (ഭക്ഷ്യ സംസ്കരണം, ഫാർമ) നോർത്ത് ആൻഡ് സൗത്ത് ഗോവ - 7.63 ലക്ഷം (ടൂറിസം, ഹോസ്പിറ്റാലിറ്റി) സിക്കിം (ഗാങ്ടോക്ക്, നാംചി, മംഗൻ, ഗ്യാൽഷിങ്) - 7.46 ലക്ഷം (സുസ്ഥിര ടൂറിസം, പരിസ്ഥിതി വളർച്ച) ദക്ഷിണ കന്നഡ, കർണാടക - 6.69 ലക്ഷം (വ്യാപാരം, വിദ്യാഭ്യാസം, ബാങ്കിങ്, ഐ.ടി) മുംബൈ, മഹാരാഷ്ട്ര - 6.57 ലക്ഷം (ധനകാര്യം, സേവനങ്ങൾ, കോർപറേറ്റ് ആസ്ഥാനങ്ങൾ) അഹ്മദാബാദ്, ഗുജറാത്ത് - 6.54 ലക്ഷം (തുണിത്തരങ്ങൾ, നിർമാണം, സേവനങ്ങൾ) എന്നിവയാണ് സാമ്പത്തിക മികവുറ്റ 10 ജില്ലകൾ.
പരമ്പരാഗത മെട്രോ നഗരങ്ങളിൽ മാത്രം സമൃദ്ധി ഇനി ഒതുങ്ങിനിൽക്കുന്നില്ലെന്ന് സർവേ എടുത്തുകാണിക്കുന്നു. ബംഗളൂരു, ഗുഡ്ഗാവ്, നോയിഡ തുടങ്ങിയ ജില്ലകൾ ഐ.ടി, കോർപറേറ്റ് സേവനങ്ങൾ എന്നിവയിൽ അഭിവൃദ്ധി പ്രാപിക്കുമ്പോൾ, സോളൻ, ഗോവ, സിക്കിം, ദക്ഷിണ കന്നഡ തുടങ്ങിയ ജില്ലകൾ പ്രത്യേക വ്യവസായങ്ങളുടെയും വിജ്ഞാന സമ്പദ്വ്യവസ്ഥകളുടെയും ടൂറിസത്തിന്റെയും ശക്തി പ്രകടമാക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.