ബംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ പിന്നാക്ക വിഭാഗക്കാരായ കുട്ടികളെ വേദഗണിതം പഠിപ്പിക്കാനുള്ള വിവാദ ഉത്തരവ് സർക്കാർ പിൻവലിച്ചു. പട്ടികജാതി- പട്ടിക വർഗക്കാരായ അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ഗ്രാമപഞ്ചായത്ത് പരിധിയിലെ സർക്കാർ സ്കൂളുകളിലാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. വേദഗണിത പഠനപദ്ധതിക്കായി ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ (എസ്.സി.എസ്.പി), ട്രൈബൽ സബ് പ്ലാൻ (ടി.എസ്.പി) എന്നീ പദ്ധതികളിൽനിന്ന് പണം 'വകമാറ്റാ'നായിരുന്നു സർക്കാർ തീരുമാനം.
എന്നാൽ, ഇതിനെതിരെ കടുത്ത എതിർപ്പുമായി ദലിത് ആക്ടിവിസ്റ്റുകളും വിദ്യാർഥി സംഘടനകളും രംഗത്തുവന്നതോടെ ബി.ജെ.പി സർക്കാർ സമ്മർദത്തിലാവുകയായിരുന്നു. വേദകാലഘട്ടത്തിലേതെന്ന് പറയുന്ന ഗണിതപാഠങ്ങൾ പിന്നാക്ക വിഭാഗ വിദ്യാർഥികളെ മാത്രം ലക്ഷ്യമിട്ട് പഠിപ്പിക്കാനൊരുങ്ങുന്നത് വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിന്റെ ഭാഗമായാണെന്ന ആരോപണവും ഉയർന്നിരുന്നു.
ഹിരിയൂരിലെ എ.വി.എം അക്കാദമിയുടെ സഹകരണത്തോടെയാണ് വേദ ഗണിതപഠനം ഗ്രാമീണ വികസന-പഞ്ചായത്തീരാജ് വകുപ്പ് നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, സ്കൂൾ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിക്കാതെയായിരുന്നു പ്രസ്തുത തീരുമാനം. ഓരോ പഞ്ചായത്തിലെയും 25 കുട്ടികളെ പഠിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പദ്ധതിക്കായി അധ്യാപകർക്ക് പരിശീലനമടക്കം ആരംഭിച്ചിരുന്നു. എന്നാൽ, വിവാദ ഉത്തരവ് ഒക്ടോബർ 11ന് പിൻവലിച്ചതായി വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.