ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ കോൺഗ്രസ് എം.എൽ.എമാരുമായി വരുന്ന മൂന്നു ദിവസങ്ങളിൽ തുടർചർച്ചകൾ നടത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും സംസ്ഥാന പ്രസിഡന്റുമായ ഡി.കെ. ശിവകുമാറും. തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ പടുകൂറ്റൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സംസ്ഥാനത്തെ കോൺഗ്രസ്. എന്നാൽ, പാർട്ടി എം.എൽ.എമാരിൽ ചിലർ അതൃപ്തരാണ്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്ന കാര്യത്തിലാണ് സർക്കാർ മുൻഗണന നൽകുന്നത് എന്നതിനാൽ തങ്ങളുടെ മണ്ഡലങ്ങളിലെ വിവിധ വികസന കാര്യങ്ങൾക്കായി ഫണ്ട് കിട്ടാത്തതിൽ അവർ അസ്വസ്ഥരാണ്. മണ്ഡലങ്ങളുടെ കാര്യങ്ങൾക്കായി മന്ത്രിമാരുടെ സഹായം കിട്ടുന്നില്ലെന്ന പരാതിയും ഉണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി 11 എം.എൽ.എമാർ മുഖ്യമന്ത്രിക്ക് ഈയടുത്ത് പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് എം.എൽ.എമാരുമായുള്ള മാരത്തൺ ചർച്ചകൾ നടക്കുന്നത്. അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ, എം.എൽ.എമാർ, എം.എൽ.സിമാർ എന്നിവരുമായുള്ള യോഗം മുഖ്യമന്ത്രിയുടെ ഓഫിസ് വസതിയായ കൃഷ്ണയിൽ മൂന്നുദിവസവും രാവിലെ 11 മുതൽ രാത്രി ഏഴു വരെയാണ് നടക്കുക. രണ്ടുമണി മുതൽ നാലുവരെയുള്ള ഇടവേളയുമുണ്ടാകും. തിങ്കളാഴ്ച തുമകുരു, യാദ്ഗിർ, ചിത്രദുർഗ, ബാഗൽകോട്ട്, ബെള്ളാരി, ധാർവാഡ് ജില്ലകളിലെ പ്രതിനിധികളുമായാണ് ചർച്ചയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 31 മന്ത്രിമാരുമായും എം.എൽ.എമാരുമായും സിദ്ധരാമയ്യയും ഡി.കെയും വെവ്വേറെ സംസാരിക്കും. എല്ലാവർക്കും ഒരുമണിക്കൂർ വീതമാണ് നൽകുക. ഗാർഹിക ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം കലബുറഗിയിൽ നടത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പാർട്ടി പ്രചാരണത്തിന്റെ തുടക്കമെന്ന നിലയിലായിരുന്നു ചടങ്ങ് നടത്തിയത്. ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേന്ദ്രസർക്കാറിനെതിരെ രൂക്ഷമായ കടന്നാക്രമണമാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.