ഉഡുപ്പിയിൽ ഉയിർപ്പിനാഞ്ഞ് കോൺഗ്രസ്

മംഗളൂരു: ക്ഷേത്രങ്ങളുടെ നാടായ ഉഡുപ്പിയും കൊല്ലൂരും ലോകോത്തര മനോഹര കടൽത്തീരമായ മൽപെയും. ഈ ചാരുതക്കപ്പുറം സമുദ്രവിഭവ സമൃദ്ധി. ആതുര ശുശ്രൂഷയിൽ കീർത്തി. ഇതൊക്കയാണ് ഉഡുപ്പി ജില്ലയുടെ മുഖമുദ്രകൾ. ജില്ലയിലെ നിയമസഭ മണ്ഡലങ്ങൾ അഞ്ചെണ്ണവും പ്രതിനിധാനം ചെയ്യുന്നത് ബി.ജെ.പി ജില്ല ആസ്ഥാന മണ്ഡലമായ ഉഡുപ്പിയിൽ യശ്പാൽ സുവർണയാണ് ബി.ജെ.പി സ്ഥാനാർഥി. ഹിന്ദു യുവസേനയിലൂടെ തുഴഞ്ഞ് രാഷ്ട്രീയ വലവീശുന്ന മൊഗവീര നേതാവ്.

സുവർണയുടെ രാഷ്ട്രീയ സുവർണ രേഖ തെളിയിച്ച കാലിക്കടത്ത് വേട്ടക്കാലം ഉഡുപ്പിയുടെ ഓർമയിൽ കോറിയിട്ട ചിത്രം നടുറോഡിൽ ആൾക്കൂട്ടത്തിന് നടുവിൽ അടിയേറ്റ് പുളയുമ്പോഴും കൈക്കുമ്പിളിൽ രഹസ്യ ഭാഗങ്ങൾ മറക്കാൻ പാടുപെട്ട ഉപ്പയുടേയും മകന്റേയും ദൈന്യതയായിരുന്നു. 2005 മാർച്ച് 13ന് വൈകീട്ട് ആദിഉഡുപ്പി ദേശീയപാതയിൽ കാലിക്കച്ചവടക്കാരായ ഹാജബ്ബയേയും മകൻ ഹസനബ്ബയേയും നൂൽബന്ധമില്ലാതെ നിറുത്തി പ്രഹരിക്കുമ്പോൾ സുവർണയുടെ നേതൃത്വത്തിലുള്ള സംഘം ‘നിനഗെ ദനഡ വ്യാപാര ബേക്കാ?’ (നിങ്ങൾക്ക് കാലിക്കച്ചവടം ചെയ്യണം അല്ലേ) എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.

ആ സംഭവത്തിൽ കുറ്റമുക്തനായി ഇറങ്ങിയ യശ്പാൽ സുവർണയെ 2008ലെ ഉഡുപ്പി നഗരസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയാണ് ബി.ജെ.പി ആദരിച്ചത്. ഗോരക്ഷകനായി അറിയപ്പെട്ട സുവർണയുടെ നേതൃത്വത്തിൽ കാലിരാഷ്ട്രീയം കരുത്താർജിക്കുന്നതാണ് പിന്നീട് കണ്ടത്. 2018 മേയ് 30ന് കാലിക്കച്ചവടക്കാരൻ ഹുസൈനബ്ബയെ (61) ഗോരക്ഷകരും പൊലീസും ചേർന്ന് അടിച്ചുകൊന്ന് കുന്നിൻമുകളിൽ വിജനസ്ഥലത്ത് തള്ളുന്നിടം വരെ കാര്യങ്ങൾ വളർന്നു. പൊലീസ് ഓഫിസർ ഉൾപ്പെടെ പ്രതിയായ കൊലപാതകം.

ബ്രാഹ്മണനായ സിറ്റിങ് എം.എൽ.എ കെ. രഘുപതി ഭട്ടിന് സീറ്റ് നൽകാതെയാണ് മത്സ്യത്തൊഴിലാളിയായ സുവർണയെ ഈ തെരഞ്ഞെടുപ്പിൽ ബിജെപി രംഗത്തിറക്കിയത്. കർണാടകയിൽ ഹിജാബ് നിരോധനത്തിന്റെ പ്രഭവകേന്ദ്രമായ ഭട്ടിനെ മറികടക്കാൻ കാലിരാഷ്ട്രീയം സുവർണക്ക് തുണയായി. ഹിജാബ് നിരോധം തുടങ്ങിവെച്ച ഉഡുപ്പി ഗവ. പി.യു കോളജ് വികസന സമിതി വൈസ് പ്രസിഡന്റ് കൂടിയാണ് ഐ.ടി ഡിപ്ലോമക്കാരനായ സുവർണ.

കോൺഗ്രസ് സ്ഥാനാർഥി പ്രസാദ് രാജ് കാഞ്ചനാണ് മുഖ്യ എതിരാളി. മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള ഈ എം.ബി.എക്കാരൻ ഉഡുപ്പി ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ. രഘുപതി ഭട്ടിനോട് (84946) പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന പ്രമോദ് മാധവ് രാജ് (72902) ഇത്തവണ ടിക്കറ്റ് കിട്ടാത്തതിനാൽ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.

2013ൽ പ്രമോദ് മാധവ് രാജ് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച് (86868) മന്ത്രിയായിരുന്നു. ബി.ജെ.പിയുടെ ബി. സുധാകർ ഷെട്ടിയെയാണ് (47344) അദ്ദേഹം പരാജയപ്പെടുത്തിയത്. കാലിക്കും ഹിജാബിനും മറയത്ത് വിസ്മൃതമായ വികസനം മുൻനിർത്തിയാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണം.

കാർകളയിൽ ബി.ജെ.പിക്കെതിരെ ശ്രീരാമസേന

ആറ് തവണ തുടർച്ചയായി കോൺഗ്രസ് നേതാവ് അഡ്വ. എം. വീരപ്പ മൊയ്‍ലിയെ തുണച്ച് മുഖ്യമന്ത്രി പദം വരെ എത്തിച്ച കാർക്കള മണ്ഡലത്തിൽ കുത്തക വിജയം തുടരുന്ന ഊർജ മന്ത്രി വി. സുനിൽ കുമാറാണ് ഇത്തവണയും ബി.ജെ.പി സ്ഥാനാർഥി. 2004, 2013, 2018 തെരഞ്ഞെടുപ്പുകളിൽ വിജയിച്ച സുനിൽ കുമാർ അഞ്ചാമങ്കം കുറിക്കുമ്പോൾ അദ്ദേഹത്തിന്റെ പരാജയം ഏറെ കൊതിച്ച് മത്സരരംഗത്തുണ്ട് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്.

സംഘ്പരിവാർ ശാക്തീകരണത്തിന് സേനയുടെ തേര് തെളിക്കുന്നതിനിടെ കേറിക്കിടക്കാൻ സ്വന്തമായൊരിടമോ പേരിനെങ്കിലും ഒരു ബാങ്ക് അക്കൗണ്ടോ ഇല്ലാത്തവനായിപ്പോയി ഈ മുത്തലിഖ് എന്ന വിലാപം മണ്ഡലത്തിൽ മുക്കുമൂലകളിൽ മുഴങ്ങുന്നു. സുനിൽ കുമാറിന്റെ സമ്പാദ്യങ്ങൾ കുമിയുന്നതും താൻ ദരിദ്ര പ്രമോദാവുന്നതും തുലനം ചെയ്ത് അദ്ദേഹം ബി.ജെ.പി നേതൃത്വത്തോട് കാർക്കള സീറ്റ് ആവശ്യപ്പെട്ടതാണ്. ബജ്റംഗ്ദൾ കർണാടക സംസ്ഥാന കൺവീനറായ മന്ത്രി സുനിൽ കുമാറിനെന്ത് ശ്രീരാമ സേന ഭീതി?

കോൺഗ്രസിന്റെ ഉദയ് ഷെട്ടിയാണ് മുഖ്യ എതിരാളി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 42566 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി. സുനിൽ കുമാർ (91245) കോൺഗ്രസിലെ ഗോപാല ഭണ്ഡാരിയെ (48679) പരാജയപ്പെടുത്തിയത്. 1972 മുതൽ 1994 വരെ തുടർച്ചയായി ആറു തവണ വീരപ്പ മൊയ്‌ലിയാണ് മണ്ഡലം പ്രതിനിധാനം ചെയ്തത്. ആ കാലം തിരിച്ചുപിടിക്കാൻ പ്രമോദ് മുത്തലിക് ബി.ജെ.പിയിൽ സൃഷ്ടിക്കുന്ന വോട്ട് ചോർച്ചയിലൂടെ സാധിക്കുമോ എന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്.

ബൈന്തൂരിൽ കോൺഗ്രസിന് സി.പി.എം പിന്തുണ

സിറ്റിങ് എം.എൽ.എ ബി.എം. സുകുമാർ ഷെട്ടിയെ മാറ്റി ഗുരുരാജ് ഗന്തിഹോളെയെയാണ് ബൈന്തൂർ മണ്ഡലത്തിൽ ബിജെപി ഇത്തവണ രംഗത്തിറക്കിയത്. കഴിഞ്ഞ തവണ പരാജയപ്പെട്ട കെ. ഗോപാല പൂജാരി തന്നെയാണ് കോൺഗ്രസ് സ്ഥാനാർഥി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.എം. സുകുമാർ ഷെട്ടി 96029 വോട്ടുകൾ നേടിയാണ് കെ. ഗോപാല പൂജാരിയെ (71636) പരാജയപ്പെടുത്തിയത്. 2415 വോട്ടുകൾ നേടിയിരുന്ന സുരേഷ് കല്ലഗാറിന്റെ പാർട്ടിയായ സി.പി.എം ഇത്തവണ മത്സരിക്കാതെ കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്.

കൗപ് തിരിച്ചുപിടിക്കാൻ കോൺഗ്രസ്

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട കൗപ് മണ്ഡലം തിരിച്ചുപിടിക്കാനാവും എന്ന തികഞ്ഞ പ്രതീക്ഷയിലാണ് കോൺഗ്രസ്. മുൻ മന്ത്രി വിനയകുമാർ സൊറകെയാണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥി.പൊലീസ് ഓഫിസർ പദവി രാജിവെച്ച് ഭാരതീയ ജനശക്തി കോൺഗ്രസ് എന്ന സംഘടനയുണ്ടാക്കിയ അനുപമ ഷേണായി സ്ഥാനാർഥിയായി രംഗത്തുവന്നതാണ് 2018ൽ ബി.ജെ.പിയുടെ വിജയത്തിന് വഴിയൊരുക്കിയത് എന്നാണ് നിരീക്ഷണം.

സിദ്ധാരാമയ്യ കാബിനറ്റിലെ മന്ത്രിയും അബ്കാരികളും ചേർന്ന് നീതിപൂർവമായ പ്രവർത്തനം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് ബല്ലാരി ജില്ലയിലെ കുഡിഗി ഡിവൈ.എസ്.പി പദവിയിൽ നിന്ന് 2016 ജൂണിൽ രാജിവെച്ചായിരുന്നു അനുപമ ഷേണായ് ബി.ജെ.സി രൂപവത്കരിച്ചത്.

അവർക്ക് 1634 വോട്ടുകളേ നേടാനായുള്ളൂവെങ്കിലും പ്രചാരണം ബി.ജെ.പി സ്ഥാനാർഥിക്ക് ഗുണം ചെയ്തു. സിറ്റിങ് എം.എൽ.എ ലാലാജി ആർ. മെൻഡനെ ഒഴിവാക്കി. ഗുർമെ സുരേഷ് ഷെട്ടിയെയാണ് ബിജെപി ഇത്തവണ രംഗത്തിറക്കിയത്. ലാലാജി ആർ. മെൻഡൻ (ബി.ജെ.പി)-75893, വിനയകുമാർ സൊറകെ (കോൺ.)-63976 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണ നേടിയ വോട്ടുകൾ.

ഹാലഡിയില്ലാതെ കുന്താപുരം

ഹലഡി ശ്രീനിവാസ് ഷെട്ടി ഇത്തവണ തന്റെ സാമ്രാജ്യം ബി.ജെ.പിയിലെ കിരൺ കുമാർ കൊഡ്ഗിക്ക് ഒഴിഞ്ഞുകൊടുത്തു എന്നതാണ് കുന്താപുരം മണ്ഡലത്തിന്റെ വിശേഷം. എതിർ സ്ഥാനാർഥി കോൺഗ്രസിലെ രാകേഷ് മളിയെ 56405 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശ്രീനിവാസ് ഷെട്ടി പരാജയപ്പെടുത്തിയത്. എതിരാളിക്ക് കിട്ടിയ വോട്ടുകളേക്കാൾ (47029) കൂടുതലായിരുന്നു ഷെട്ടി നേടിയ ഭൂരിപക്ഷം (103434). രാകേഷിനെ മാറ്റി എം. ദിനേഷ് ഹെഗ്ഡെയെയാണ് കോൺഗ്രസ് രംഗത്തിറക്കിയത്.

2008ൽ ബി.ജെ.പി എം.എൽ.എയായ തനിക്ക് 2013ൽ സീറ്റ് നിഷേധിച്ച പാർട്ടിയെ സ്വതന്ത്രനായി മത്സരിച്ച് ശ്രീനിവാസ് ഷെട്ടി വെല്ലുവിളിച്ചിരുന്നു. അദ്ദേഹം 80563 വോട്ടുകൾ നേടി വിജയിച്ചപ്പോൾ ബി.ജെ.പിയുടെ കിഷോർ കുമാർ 14524 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് തള്ളപ്പെടുകയായിരുന്നു. കോൺഗ്രസിന്റെ മല്ലിയാഡി ശിവറാമ ഷെട്ടി 39952 വോട്ടുകളോടെ രണ്ടാമനുമായി. മൂന്നാം കർണാടക ധനകാര്യ കമീഷൻ ചെയർമാനായിരുന്ന എ.കെ. കോഡ്ഗിയുടെ മകനായ കിരൺ കുമാർ പറയുന്നത് താൻ ശ്രീനിവാസ് ഷെട്ടിയുടെ കാൽപ്പാടുകൾ പിന്തുടർന്നാണ് ജനവിധി തേടുന്നത് എന്നാണ്.

"അല്ല, ശ്രീനിവാസ് ഷെട്ടി വർഗീയതയുമായി സന്ധി ചെയ്യാത്തത് കാരണം ബി.ജെ.പി അദ്ദേഹത്തെ തഴഞ്ഞതാണ്. കോൺഗ്രസിന്റേതാണ് അദ്ദേഹത്തിന്റെ മതേതര പാത" -കോൺഗ്രസ് സ്ഥാനാർഥി മൊളഹള്ളി ദിനേശ് ഹെഗ്ഡെ അത് ഇങ്ങനെ തിരുത്തുന്നു.

Tags:    
News Summary - Congress aiming for victory in Udupi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.