തീരദേശ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് വിധാൻ സൗധയില്‍ നടന്ന യോഗത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടൻ ഋഷഭ് ഷെട്ടിയെ അഭിവാദ്യം ചെയ്യുന്നു.
ബംഗളൂരു: തീരദേശ മേഖലയിൽ വികസന പദ്ധതികൾക്ക് ആവശ്യമായ വിവിധ അംഗീകാരങ്ങൾ നേടുന്നതിനും, സാങ്കേതിക തടസ്സങ്ങൾ പുരോഗതിക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
സംസ്ഥാന സർക്കാർ ഇതിനായി പ്രത്യേക മന്ത്രിസഭ യോഗം ചേരുമെന്നും ടൂറിസത്തെയും നിക്ഷേപ പദ്ധതികളെയും ബാധിക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. തീരദേശ വിനോദസഞ്ചാരത്തെക്കുറിച്ചുള്ള വിധാൻ സൗധയിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസഡ്) മാനദണ്ഡങ്ങളിൽനിന്ന് ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങളെക്കുറിച്ചും വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും 15 മുതൽ 20 ദിവസത്തിനുള്ളിൽ ഒരു റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. നിക്ഷേപകർക്ക് നിക്ഷേപം നടത്താന്‍ ലളിതമായ വഴികള്‍ നിർമിക്കുകയും സംരംഭകർ നേരിടുന്ന വകുപ്പുതല തടസ്സങ്ങൾ പരിഹരിക്കുകയും വേണം.
തീരദേശ ടൂറിസം മേഖലയില്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളർച്ചക്ക് മുൻഗണന നൽകിക്കൊണ്ട് തീരദേശ മേഖലയിലെ സംസ്കാരം, പാരമ്പര്യങ്ങൾ, ആചാരങ്ങൾ, പൈതൃകം എന്നിവ അന്താരാഷ്ട്ര തലത്തിൽ പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
കർണാടക ടൂറിസം നയത്തിന് കീഴിൽ 718.63 കോടി രൂപയുടെ നിക്ഷേപമുള്ള 45 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ഏകദേശം 4,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാന്‍ സാധിക്കും.
മേഖലയില്‍ തൊഴിലവസരങ്ങൾ വർധിക്കണമെന്നും രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ തീരപ്രദേശങ്ങളിലൊന്നാണ് കർണാടകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തീരദേശ മേളകൾ, ഉത്സവങ്ങൾ, വിപണന സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കും. സർക്കാറിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സബ്സിഡികൾ, ഇളവുകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം.
കലകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് യോഗത്തിൽ പങ്കെടുത്ത നടനും ചലച്ചിത്ര നിർമ്മാതാവുമായ ഋഷഭ് ഷെട്ടി ആവശ്യപ്പെട്ടു. തീരദേശ നാടോടി കലകളെയും സംഗീതത്തെയും പ്രോത്സാഹിപ്പിക്കണം. കൂടാതെ സിനിമാ ഷൂട്ടിംഗിനുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾ കർണാടക, കേരളം, ഗോവ എന്നിവിടങ്ങളിലെ സിനിമാ വ്യവസായങ്ങൾക്ക് ഗുണം ചെയ്യുമെന്ന് നടൻ പറഞ്ഞു.
ടൂറിസം മന്ത്രി കെ.ജെ. ജോർജ് ഇതിനായി പുതിയ നയം ഉടൻ പുറത്തിറക്കുമെന്നും മംഗളൂരുവിൽ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിക്കുമെന്നും പറഞ്ഞു. പുതിയ നയം രൂപവത്കരിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ അംഗീകാരങ്ങളും നേടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എൽ.കെ. അതീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.