സകലേശ്പുരയിലെ മണ്ണിടിഞ്ഞ് വീണ റെയിൽപാളം ഗതാഗത യോഗ്യമാക്കിയപ്പോൾ
മംഗളൂരു: കനത്ത മഴയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് രണ്ട് ദിവസമായി നിർത്തിവെച്ച മംഗളൂരു-ബംഗളൂരു ട്രെയിൻ സർവീസുകൾ തിങ്കളാഴ്ച രാത്രി പുനരാരംഭിച്ചെങ്കിലും മണ്ണിടിച്ചിൽ ഭീതി അകന്നില്ല. സുബ്രഹ്മണ്യ റോഡ്-സകലേഷ്പുര ചുരം സെക്ഷനിലെ സിരിബാഗിലുവിനും യെദകുമാരിക്കും ഇടയിലുള്ള ട്രാക്കിൽ നിന്ന് ചെളി, പാറകൾ, അവശിഷ്ടങ്ങൾ എന്നിവ റെയിൽവേ ജീവനക്കാർ നീക്കം ചെയ്തതിന് ശേഷമാണ് ഈ പാതയിലൂടെയുള്ള റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. ശനിയാഴ്ച കോഴിക്കോട് നിന്ന് ബംഗളൂരു യശ്വന്ത്പൂരിലേക്ക് പോയ 16511 രാത്രി 10.25ഓടെ കബക്കപുത്തൂർ റയിൽവേ സ്റ്റേഷനിൽ എത്തിയതോടെ സക് ലേശ്പുര മണ്ണിടിച്ചിൽ കാരണം സർവീസ് നിലക്കുകയായിരുന്നു.പിറ്റേന്ന് പുലർച്ചെ നാലിനാണ് ഈ ട്രയിൻ റദ്ദാക്കിയതായി പ്രഖ്യാപനം വന്നത്.
മലബാറിൽ നിന്നുള്ള യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. അടുത്ത ദിവസവും ഈ ട്രെയിനും യശ്വന്ത്പൂർ -കോഴിക്കോട് (16512) എക്സ്പ്രസ് ഉൾപ്പെടെ ട്രെയിനുകളും റദ്ദാക്കി. ഈ റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വേഗം കുറച്ചാണ് സർവീസ് നടത്തുന്നത്. ട്രെയിനുകൾ രണ്ടര മണിക്കൂറോളം വൈകുന്നു. ഗതാഗത യോഗ്യമാണെന്ന് വിദഗ്ധ സംഘം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയതിനെത്തുടർന്നാണ് ട്രെയിൻ സർവീസുകൾ ക്രമേണ പുനരാരംഭിച്ചതെന്ന് മൈസൂരു ഡിവിഷണൽ റെയിൽവേ മാനേജർ മുദിത് മിത്തൽ പറഞ്ഞു.
വിജയപുര-മംഗളൂരു എക്സ്പ്രസ്, കെഎസ്ആർ ബംഗളൂരു-കാർവാർ പഞ്ചഗംഗ എക്സ്പ്രസ്, എസ്എംവിടി ബംഗളൂരു-മുർദേശ്വർ എക്സ്പ്രസ് എന്നിവ സർവീസ് പുനരാരംഭിച്ചവയിൽ ഉൾപ്പെടുന്നു. സകലേശ്പുര മേഖലയിലെ മണ്ണിടിച്ചിൽ മഴക്കാലമായാൽ പതിവാണ്. താൽക്കാലിക പരിഹാരം കണ്ടെത്തി ഗതാഗതം പുനഃസ്ഥാപിക്കുന്ന രീതി എല്ലാ വർഷവും തുടരുന്നതല്ലാതെ ശാശ്വത പദ്ധതികൾ നടപ്പാക്കുന്നില്ലെന്ന് പരാതിയുണ്ട്. മണ്ണിടിച്ചിൽ ഭീതി അകലാത്തതിനാൽ യാത്രക്കാർ ട്രയിൻ ഒഴിവാക്കി ബസുകൾ ആശ്രയിക്കുന്നു. സ്വകാര്യ ബസ് ലോബികളുടെ സ്വാധീനം ആരോപിക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.