ബംഗളൂരു: കിലോമീറ്ററുകൾ തെരുവോരത്ത് കലാകാരന്മാർ ചിത്രംവരകളാലും പ്രദർശനത്താലും സജീവമായിരിക്കുന്നു. വിവിധയിടങ്ങളിൽനിന്നു വരുന്ന ആയിരക്കണക്കിന് ചിത്രകലാ ആസ്വാദകർ അവരുടെ ചിത്രംവരയിലെ മാസ്മരികതക്കു മുന്നിൽ അത്ഭുതപ്പെടുന്നു. ചിലരുടെ മുഖം അപ്പോൾതന്നെ കാൻവാസിലാക്കിക്കൊടുക്കുന്നു. രാജ്യത്തിന്‍റെ വിവിധ ദേശങ്ങളിൽനിന്നു വന്ന ചിത്രകാരന്മാരുടെ സംഗമവേദിയായി മാറുകയായിരുന്നു ഞായറാഴ്ച ചിത്രകലാ പരിഷത്തിന്‍റെയും പരിസരത്തും നടന്ന ‘ചിത്രസന്തെ’ മേള.
ചിത്രകലാമേഖലക്ക് ലഭിക്കുന്ന വലിയ അംഗീകാരംകൂടിയായി പരിപാടി മാറി. രണ്ടു വർഷമായി കോവിഡ് കാലത്ത് ദുരിതങ്ങളൊരുപാട് അനുഭവിച്ച ചിത്രകാരന്മാർക്ക് കിട്ടുന്ന രാജ്യത്തെ ഏറ്റവും വലിയ വേദികൂടിയായി പരിപാടി മാറുകയായിരുന്നു. വരകളുടെയും വർണങ്ങളുടെയും ദേശീയോത്സവമാണ് ‘ചിത്രസന്തെ’. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1300ലധികം കലാകാരന്മാരാണ് മേളയുടെ 20ാം പതിപ്പിൽ പങ്കെടുത്തത്. വിൻഡ്സർ മാനർ ഹോട്ടൽ മുതൽ ശിവാനന്ദ സർക്കിൾ വരെ നീളുന്ന ഭാഗത്താണ് പരിപാടി നടന്നത്.
രാവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരിപാടി ഉദ്ഘാടനം ചെയ്തു. ഉച്ചയോടെതന്നെ മേളയിലേക്ക് കലാകാരന്മാരുടെയും ആസ്വാദകരുടെയും ഒഴുക്ക് തുടങ്ങിയിരുന്നു. ചിത്രകലാ പരിഷത്ത് ഓരോ ചിത്രകാരനും അനുവദിച്ച ഇടങ്ങളിലായിരുന്നു തങ്ങളുടെ സൃഷ്ടികളുമായി കലാകാരന്മാർ തമ്പടിച്ചത്. ആയിരക്കണക്കിന് അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളാൽ സമ്പന്നമായിരുന്നു മേള.
വിവിധ വിഷയങ്ങളിലുള്ള അതിമനോഹര ചിത്രങ്ങൾ പകർത്താനും കലാകാരന്മാരോട് സംസാരിക്കാനും ഒപ്പം ഫോട്ടോയെടുക്കാനും ആസ്വാദകർ തിരക്കുകൂട്ടി. 200 രൂപ മുതൽ അരലക്ഷവും അതിനു മുകളിലേക്കും വില വരുന്ന ചിത്രങ്ങൾ വരെ മേളയിലെത്തിയിരുന്നു. വീടിന്റെയും ഓഫിസുകളുടെയും ചുമരുകൾക്ക് മനോഹാരിത കൂട്ടാൻ സാധിക്കുന്ന ചിത്രങ്ങളുമായാണ് സന്ദർശകർ പലരും മടങ്ങിയത്.
ബംഗളൂരു: ശാരീരികപ്രയാസങ്ങളെ ഇച്ഛാശക്തിയാൽ മറികടന്ന് ഇത്തവണയും കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയായ സി.വി. സുരേന്ദ്രൻ (47) ചിത്രസന്തെക്ക് എത്തി. സ്പൈനൽ മസ്കുലാർ അട്രോഫി രോഗം ബാധിച്ച് കൈകളൊഴികെ ശരീരത്തിന്‍റെ ചലനശേഷി നഷ്ടപ്പെട്ട് മുച്ചക്രക്കസേരയിൽ കഴിയുകയാണ് ഈ കലാകാരൻ.
കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയായ സി.വി. സുരേന്ദ്രനും ഭാര്യ നിജയും ‘ചിത്രസന്തെ’യിൽ
ചേളാരി വലിയ പുരയിൽ കൃഷ്ണൻ-ലക്ഷ്മി ദമ്പതികളുടെ ഏഴു മക്കളിൽ ഒരുവൻ. കാലുകൾക്കും കൈക്കും ശേഷിക്കുറവുള്ളയാളായ ഭാര്യ നിജയും മേളക്കെത്തിയിരുന്നു. താൻ വരച്ച ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുകയാൽ ജീവിതപ്രയാസങ്ങൾക്ക് അൽപം ശമനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ എത്തിയത്. കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റിവ് പ്രവർത്തകൻ അബ്ദുറഹ്മാനാണ് എല്ലാ സഹായത്തിനും ഒപ്പമുള്ളത്.
കൗമാരത്തിലാണ് സുരേന്ദ്രന് അസുഖം ബാധിക്കുന്നത്. പിന്നീട് വീൽചെയറിലായി ജീവിതം. മുഷിപ്പ് മാറ്റാൻ തുടങ്ങിയ ചിത്രംവര ഒടുവിൽ അദ്ദേഹത്തെ നല്ലൊരു ചിത്രകാരനാക്കുകയായിരുന്നു. ബാൾപേനയാൽ മനോഹര അബ്സ്ട്രാക്ട് ചിത്രങ്ങൾ വരക്കുന്ന കേരളത്തിലെ അപൂർവം കലാകാരന്മാരിൽ ഒരാളാണ് സുരേന്ദ്രൻ. പ്രകൃതിദൃശ്യങ്ങൾ, മൃഗങ്ങൾ, ദൈവങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങളാണ് വരക്കുന്നത്.
സഹോദരി സുധയുടെ അഴീക്കോട് അലവിലെ വീട്ടിലാണ് ഇവരുടെ താമസം. വികലാംഗപെൻഷനായി കിട്ടുന്ന 1200 രൂപ മാത്രമാണ് ആകെയുള്ള സ്ഥിരവരുമാനം.ഒരു വീടെന്ന സ്വപ്നം ഇതുവരെ പൂവണിഞ്ഞിട്ടില്ല. സുരേന്ദ്രന്റെ സഹോദരങ്ങളും ശാരീരിക വൈകല്യങ്ങളുള്ളവരാണ്. 9895361684 നമ്പറിൽ സുരേന്ദ്രനെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.