പ്രതീകാത്മക ചിത്രം

ശൈശവ വിവാഹം; ബോധവത്കരണത്തിന് ഹൈകോടതി നിർദേശം

ബംഗളൂരു: ജില്ലയിൽ ശൈശവ വിവാഹം തടയുന്നതിനെക്കുറിച്ച് ബോധവത്കരണ പരിപാടികളും ശിൽപശാലകളും സംഘടിപ്പിക്കാൻ കർണാടക ഹൈകോടതി റായ്ച്ചൂരിലെ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയോട് നിർദേശിച്ചു. ‘സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയും നിരക്ഷരതയും മൂലം റായ്ച്ചൂർ ജില്ലയിൽ ആവർത്തിച്ചുവരുന്ന പ്രവണത അസ്വസ്ഥത ഉളവാക്കുന്നതും നിരാശജനകവുമാണെന്ന് കോടതി നിരീക്ഷിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പലപ്പോഴും അവരുടെ കുടുംബങ്ങൾ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നു. ഇത്തരം ആചാരങ്ങൾ തടയാൻ നിയമശ്രമം നടത്തിയിട്ടും ശൈശവ വിവാഹം ഉയർന്നുവരുന്നു. 16 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചതിന് റായ്ച്ചൂരിൽനിന്നുള്ള 24 വയസ്സുള്ളയാൾക്ക് സോപാധിക ജാമ്യം അനുവദിച്ച് ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും പറഞ്ഞു.

സാമൂഹിക-സാംസ്കാരിക അജ്ഞതയുടെയും ദാരിദ്ര്യത്തിന്റെയും പ്രകടനമാണ് കേസ് എന്ന് കോടതി നിരീക്ഷിച്ചു. ഇത് ശൈശവ വിവാഹ നിരോധന നിയമത്തിന്റെ ലംഘനമാണ്. ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമത്തിലെ വ്യവസ്ഥ ഉൾപ്പെടുന്നതായും കോടതി കൂട്ടിച്ചേർത്തു.

പഞ്ചായത്ത് വികസന ഓഫിസറും ശിശുക്ഷേമ ഓഫിസറും നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ യുവാവ് നിർബന്ധിച്ച് വിവാഹം കഴിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കുറ്റകൃത്യം രജിസ്റ്റർ ചെയ്തതനുസരിച്ച്, ബി.എൻ.എസിലെ സെക്ഷൻ 64, സെക്ഷൻ 3(5), പോക്സോ ആക്ടിലെ സെക്ഷൻ 6, 17, ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷൻ 9, 10 എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ഹരജിക്കാരനെതിരെ ചുമത്തിയത്.

എന്നാൽ, പെൺകുട്ടിയുടെ പ്രായം തർക്കവിഷയമാണെന്നും കൂടുതൽ വിശദമായ ജുഡീഷ്യൽ പരിശോധന ആവശ്യമാണെന്നും യുവാവിന്റെ അഭിഭാഷകൻ വാദിച്ചു. 2014-ൽ നൽകിയ ആധാറിൽ ജനനത്തീയതി 2007 മാർച്ച് 26 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ രേഖകളിൽ 2009 ജൂലൈ 26 എന്ന ജനനത്തീയതി കാണിച്ചിരിക്കുന്നതിന് വിരുദ്ധമാണിത്. കൂട്ടുപ്രതിയായ ഇരയുടെ മാതാവിനെ ജാമ്യത്തിൽ വിട്ടിട്ടുണ്ടെന്നും അതു സാധുവായ വിവാഹമാണോ എന്നും പോക്സോ നിയമത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നുണ്ടോ എന്നും വിചാരണവേളയിൽ സ്ഥാപിക്കണമെന്നും അദ്ദേഹം വാദിച്ചു.

വിചാരണവേളയിൽ സ്കൂൾ രേഖകൾ ആധികാരികമാണോ എന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയുമോ എന്നും പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പ്രായപൂർത്തിയാകുന്നതുവരെ മകൾ തന്നോടൊപ്പം താമസിക്കുമെന്നും ഹരജിക്കാരനും ഇരയും തമ്മിൽ ഒരുവിധത്തിലുള്ള സഹവാസവും ഉണ്ടാകില്ലെന്നും ഇരയുടെ മാതാവ് പ്രതിജ്ഞയെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Child marriage; High Court directs for awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.