ബംഗളൂരു: ചിക്കമകളൂരുവിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഡിസംബർ 22 മുതൽ 27 വരെ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി ജില്ല ഭരണകൂടം അറിയിച്ചു. മുല്ലയാന ഗിരി, സീതാലായന ഗിരി, മാണിക്യധാര, ഗളികരെ, ചന്ദ്രദ്രോണ പർവത എന്നിവിടങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയത്. ദത്ത ജയന്തി ആഘോഷം നടക്കുന്നതിനാലാണ് നിയന്ത്രണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഈ ദിവസങ്ങളിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങളും ഭക്തരുടെ വാഹനങ്ങളും എത്തുമ്പോൾ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന വിലയിരുത്തലിലാണ് സന്ദർശകരെ വിലക്കാൻ കാരണം. എന്നാൽ, ക്രിസ്മസ് അവധിക്കാലത്ത് വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന മേഖലയിൽ ദത്ത ജയന്തിയുടെ പേരിൽ സന്ദർശകരെ തടയുന്നതിനോട് സഞ്ചാരികൾ സമൂഹമാധ്യമങ്ങളിൽ എതിർപ്പ് രേഖപ്പെടുത്തി.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന മലനിരകളിലൊന്നായ മുല്ലയാന ഗിരിയിൽ ഏറ്റവും ഭംഗിയുള്ള കാലാവസ്ഥ ഡിസംബർ, ജനുവരി മാസങ്ങളിലാണ് രൂപപ്പെടുക. അവധിക്കാലത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക് നടപ്പാക്കുന്നത് പ്രതിഷേധാർഹമാണെന്ന് സഞ്ചാരികൾ ചൂണ്ടിക്കാട്ടി.
ഡിസംബർ 24 മുതൽ 26 വരെയാണ് ദത്ത ജയന്തി ആഘോഷം ബാബ ബുധൻഗിരിയിൽ അരങ്ങേറുന്നത്. 20,000 ത്തോളം ഭക്തർ ചടങ്ങിനെത്തുമെന്നാണ് ചിക്കമകളൂരു ജില്ല ഭരണകൂടം പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.