ഗി​രീ​ഷ് ഭ​ര​ദ്വാ​ജ്

‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

ബംഗളൂരു: നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് (76) അന്തരിച്ചു. ചൊവ്വാഴ്ച സുള്ള്യയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കെ.വി.ജി ആശുപത്രിയിലായിരുന്നു. നിസ്വാർഥ സേവനത്തിനുള്ള അംഗീകാരമായി ഗ്രാമവാസികള്‍ അദ്ദേഹത്തെ ‘സുള്ള്യയിലെ വിശ്വേശ്വരയ്യ’ എന്നാണ് വിളിച്ചിരുന്നതെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഗിരീഷ് ഭരദ്വാജിന് ആദരാഞ്ജലി അർപ്പിച്ച് എക്സിൽ കുറിച്ചു. 1950 മേയ് രണ്ടിന് കർണാടകയിലെ സുള്ള്യയിലാണ് അദ്ദേഹത്തിന്‍റെ ജനനം. 1973 ൽ മാണ്ഡ്യയിലെ പി.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ്ങില്‍ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി.

ഗ്രാമങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തന്‍റെ എഞ്ചിനീയറിങ് കഴിവുകൾ ഉപയോഗിക്കുകയായിരുന്നു. ആദ്യപടിയായി കാർഷിക യന്ത്രങ്ങൾ നിർമിക്കുന്ന റാഷനൽ എൻജിനീയറിങ് വർക്ക്സ് സ്ഥാപിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ അരംബുരുവിലെ ഗ്രാമവാസികള്‍ തങ്ങള്‍ക്ക് പാലം വേണമെന്ന അഭ്യര്‍ഥനയുമായി ഗിരീഷിനെ സമീപിച്ചു ആദ്യം അഭ്യര്‍ഥന എതിര്‍ത്ത ഗിരീഷ് ഗ്രാമവാസികളുടെ പ്രയാസങ്ങള്‍ നേരില്‍ കണ്ടപ്പോള്‍ പാലം നിര്‍മാണം ഏറ്റെടുത്തു. 1989ൽ തെക്കൻ കർണാടകയിലെ അരമ്പൂരിൽ പയസ്വിനി നദിക്ക് കുറുകെ ഭരദ്വാജ് തന്‍റെ ആദ്യത്തെ പാലം നിർമിച്ചു. പരിസ്ഥിതി സൗഹൃദ തൂക്കുപാലങ്ങൾ രൂപകൽപ്പന ചെയ്ത ഗിരീഷ് രാജ്യത്തുടനീളം ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു.

കര്‍ണാടകക്ക് പുറമെ തെലങ്കാനയിലും ഒഡിഷയിലും രണ്ട് പാലങ്ങൾ വീതവും കേരളത്തിൽ മുപ്പതോളം പാലങ്ങളും അദ്ദേഹം നിർമിച്ചു. ഒരു രൂപ പോലും ഈടാക്കാതെ 127 പാലങ്ങളാണ് അദ്ദേഹം നിർമിച്ചത്. അദ്ദേഹത്തിന്‍റെ നിസ്വാർഥ സേവനത്തിന് ആദരമായി ‘ഇന്ത്യയുടെ പാലക്കാരൻ’ എന്ന പേര് സമൂഹം അദ്ദേഹത്തിന് നല്‍കി.

പാലം നിർമാണത്തിനായി ഗ്രാമവാസികളെ കൂടി പങ്കെടുപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ രീതി. ജലസംഭരണികൾക്ക് കുറുകെ വലിയ കോൺക്രീറ്റ് ഘടനകൾ നിർമിക്കുന്നതിനുപകരം നിർമാണ ചെലവ് കുറഞ്ഞ കൂടുതല്‍ കാലം ഈട് നില്‍ക്കുന്ന പാലങ്ങള്‍ എന്ന ഗിരീഷിന്‍റെ ആശയം മുഖേന വിവിധ സർക്കാറുകൾക്ക് പണം ലാഭിക്കാനും സാധിച്ചു. 2017 ൽ ഇന്ത്യാ ഗവൺമെന്‍റ് പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. മൈസൂർ സർവകലാശാല ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റുകൾ നൽകി ആദരിച്ചു.

Tags:    
News Summary - Bridge Man of India Girish Bhardwaj passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.