ബംഗളൂരു: ചാമരാജ് പേട്ട് ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി വിധിയെ നിയമപരമായി നേരിടുമെന്ന് കർണാടക റവന്യൂ മന്ത്രി ആർ. അശോക പറഞ്ഞു. ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനത്ത് ഗണേശ പൂജക്ക് അനുമതി നിഷേധിച്ച സുപ്രീംകോടതി വിധി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ തൽസ്ഥിതി തുടരാനാണ് സുപ്രീംകോടതി നിർദേശം.
'സുപ്രീംകോടതി വിധിയെ സർക്കാർ അനുസരിക്കുന്നു. എന്നാൽ, ഈദ്ഗാഹ് മൈതാനത്തിന്റെ ഉടമസ്ഥാവകാശത്തിനായി റവന്യൂ വകുപ്പ് നിയമപോരാട്ടം നടത്തും. ചാമരാജ്പേട്ടിലെയും ബംഗളൂരുവിലെയും ജനങ്ങൾ ഗണേശ ചതുർഥി ഈദ്ഗാഹ് മൈതാനത്ത് ആഘോഷിക്കാൻ ആഗ്രഹിച്ചിരുന്നു- മന്ത്രി പറഞ്ഞു. കോടതി വിധിയെ മാനിക്കുമെന്നും മൈതാനത്തിനായി പോരാട്ടം നടത്തുമെന്നും ചാമരാജ്പേട്ട് നാഗരിക ഒക്കൂട്ട വേദികെ പ്രതികരിച്ചു. ഗണേശോത്സവത്തിന് ഈദ്ഗാഹ് മൈതാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പിന്തുണയോടെ രംഗത്തുവന്ന കൂട്ടായ്മയാണ് ചാമരാജ്പേട്ട് നാഗരിക ഒക്കൂട്ട വേദികെ.
ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട കേസിൽ കർണാടക ഹൈകോടതി ഇടക്കാല ഉത്തരവിൽ തൽസ്ഥിതി തുടരാൻ നിർദേശിച്ചിരുന്നെങ്കിലും അന്തിമ വിധിയിൽ ഗണേശപൂജ നടത്താൻ കർണാടക സർക്കാറിന് അനുമതി നൽകുകയായിരുന്നു. ഇതനുസരിച്ച് ചാമരാജ് പേട്ട് നാഗരിക ഒക്കൂട്ട സമിതിക്ക് രണ്ടുദിവസം ഗണേശപൂജക്ക് ബി.ജെ.പി സർക്കാർ അനുമതി നൽകിയിരുന്നു. ഇതു ചോദ്യംചെയ്ത് സെൻട്രൽ മുസ്ലിം അസോസിയേഷൻ ഓഫ് കർണാടകയും കർണാടക സംസ്ഥാന വഖഫ് ബോർഡും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് അനുകൂല വിധിയുണ്ടായത്. കേസിൽ കുറച്ചുനാളേക്ക് തൽസ്ഥിതി തുടരണമെന്ന് കർണാടക സർക്കാറിനോട് നിർദേശിച്ച ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഈദ്ഗാഹ് മൈതാനത്തിനു പകരം ഗണേശ ചതുർഥി പൂജ മറ്റെവിടെയെങ്കിലും നടത്താനും നിർദേശിച്ചു.
വിനായക ചതുർഥി ദിനത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ചാമരാജ്പേട്ടിൽ വൻ സുരക്ഷ സന്നാഹം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.